ഭിന്നത എവിടെയാണ് ?

queerpride

ഭാഷയുടെ അടയാളപെടുത്തലുകൾ സംസ്കാര നിർമാണത്തിന്റെ അവിഭാജ്യഘടകമാണെന്ന് പലപ്പോഴും നാം വിസ്മരിക്കുന്നു. ലിംഗ പദവിയെ കുറിച്ച് സംസാരിക്കുമ്പോൾ പല്ലും നഖവുമായി പെണ്ണും പുരുഷനും കാലങ്ങളായി പൊരുതുന്നതു കാണുമ്പോൾ ഒന്നിനും രണ്ടിനും ഇടയിൽ പദവികൾ ഉറപ്പിക്കാൻ കഴിയാത്ത നിരവധി അക്കങ്ങൾ പോലെ നിഷ്പ്രഭരാകേണ്ടവരല്ല ട്രാന്സ്ജെന്ഡറുകൾ. എന്നാണ് സ്ത്രീ, ലിംഗ പദവിയിലേക്ക് ഉയർന്നത്  ?യുഗങ്ങൾ പോരാടിയും യുദ്ധം ചെയ്തും ഭാഷയിൽ സ്ത്രീ കാലുറപ്പിച്ചപ്പോൾ പദങ്ങൾ മൂന്നായി കുപ്പവത്കരിച്ചു. സ്ത്രീയും പുരുഷനും അല്ലാത്ത പദങ്ങൾ നപുസകലിംഗമായി. എന്നാൽ അന്ന് ഭാഷയിൽ ഇടം പിടിച്ചെടുക്കാൻ ഞങ്ങൾ വരാതിരുന്നത് ആരെയും ഭയന്നിട്ടൊന്നുമല്ല. അന്തപുരങ്ങളിലും യുദ്ധ ഭൂമികളിലും നിറസാനിധ്യമായിരുന്നു ഞങ്ങൾ. ഭാഷയുടെ പരിമിതികളിലും സാധ്യതകളിലും വ്യക്തമായ പുരുഷ കേന്ദ്രീകൃതമായ ഇടപെടൽ നടന്നുവെന്നും  അതാത് കാലഘട്ടങ്ങളിൽ അത് പിന്തുടർന്ന് വരുന്നു എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് "ഭിന്ന ലിംഗം"എന്ന പദം. എന്താണ് ഭിന്നലിംഗം ?ഭിന്നമായി എന്താണുള്ളത് ?ഈ പറയ്യുന്ന ഭിന്നത തിരഞ്ഞെന്റെ കണ്ണാടിയിൽ വിള്ളൽ വീണു. മജ്ജയും മാംസവും  മസ്തിഷ്ക്കവും ഉള്ള ആണിനും പെണ്ണിനും സ്വാഭാവിക സംഗമത്തിലൂടെ ജനിക്കുന്ന സഹജരായ ഞങ്ങളെ ഭിന്നരാക്കുന്നത് കൊണ്ട് ഭാഷ ഉദ്ദേശിക്കുന്നത് എന്താണ് ?മസ്തിഷ്ക്കം തൊടുത്തു വിടുന്ന പ്രവാഹത്തിൽ   ലൈംഗിക ദിശാബോധം ഉണ്ടാകുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അങ്ങനെ ഇരിക്കേ മസ്തിഷ്‌കം കൊണ്ടാണോ ലിംഗം കൊണ്ടാണോ ട്രാൻസ്ജെൻഡറുകളെ അടയാളപെടുത്തേണ്ടത് ?സ്വന്തമായി ആഖ്യാനിക്കാൻ കഴിയുന്ന ഖജുരാഹോ പോലുള്ള കാലത്തിന്റെ ശക്തമായ നെടുന്തൂണുകൾ നിലനിൽക്കെ തന്നെ വിക്ടോറിയൻ സദാചാരത്തെ കെട്ടി പിടിച്ചുറങ്ങുന്ന പാമര പ്രേതങ്ങളേ,  ഈ "ഭാരതം "എന്ന പദത്തിന്റെ ലിംഗപദവി എന്താണെന്നു അറിയുമോ ??

 

മൃതസഞ്ജീവനി//വിജയരാജമല്ലിക
ഭാരത വിലാസം ബംഗ്ലാവിന്റെ ഉത്തരം കത്തുന്നു...
ഭരണകൂടത്തിന്റെ ഉത്തരം  മുട്ടുന്നു.....
മാഹേന്ദ്രജാലക്കാരന്റെ ഹോമകുണ്ഡങ്ങളിൽ
ബലിയാകുന്നു കന്മഷമില്ലാത്ത മൊട്ടുകൾ
മൃതസഞ്ജീവനി യുടെ മരുത്വാമലയുമായി പുരുഷാരവങ്ങൾ ഗമിക്കട്ടെ...
യുഗചേതനകൾ ജ്വലിക്കട്ടെ...

About author

മലയാളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കവി. . ട്രാൻസ്‌ജെൻഡർ സാമൂഹിക പ്രവർത്തക . മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിൽ എഴുതുന്നു. മുപ്പതിലധികം മലയാളം കവിതകൾ പ്രസിദ്ധം ചെയ്തിട്ടുണ്ട്.  2016 ലെ അംബേദ്‌കർ റീഡേഴ്സ് ലിങ്ക് (അരളി ) പുരസ്‌കാരം പങ്കുവെച്ചു.