"ഞങ്ങൾക്ക് കൃഷിഭൂമി (വിഭവം) വേണ്ട, ദലിതത്വം (സ്വത്വം) മതി!!"

dalit protest

നവലിബറൽ-വികസന മുതലാളിത്തം വിഭവചൂഷണത്തിലും നഗ്നവും പരസ്യവുമായ വിഭവക്കൊളള യിലും അധിഷ്ഠിതമാണ് എന്ന കാര്യം നിരീക്ഷിച്ചുറപ്പിക്കപ്പെട്ട ഒരു യാഥാർഥ്യമാണ്. വലിയ ഒരു വിഭാഗം ജനങ്ങളിൽ ബഹുവിധങ്ങളും ബഹുരൂപികളുമായ ഇല്ലായ്മകളെ നിരന്തരം സൃഷ്ടിച്ചുകൊണ്ടാണ് മുതലാളിത്തം പ്രതിബന്ധങ്ങളൊന്നുമില്ലാതെ യഥേഷ്ടം മുന്നേറിക്കൊണ്ടിരിക്കുന്നത്. പണ്ട് തത്വചിന്തയിൽ പറഞ്ഞിരുന്ന “ഉൺമ” ഇന്ന് “ഇല്ലായ്മ”കളുടെ വിപരീതം എന്ന നിലയിൽ “ഉളളായ്മ”യായി മാറിയിരിക്കുന്നു. സമ്പത്ത്, ഭൂമി, ഉദ്യോഗം, ശമ്പളം, യൂജിസി ഗവേഷണം, ബുദ്ധിജീവിതം എന്നുവേണ്ട എല്ലാം ഇന്ന് വിഭവവും വിഭവകേന്ദ്രിത വ്യവഹാരങ്ങളുമാണ്. നിരന്തരമായ വിഭവ ചൂഷണ പ്രക്രിയയ്ക്കകത്ത് സൃഷ്ടിക്കപ്പെടുന്ന എല്ലാ ഇല്ലായ്മകളുടേയും ഉളളായ്മകളുടേയും കേന്ദ്രസൂചകമാണ് വിഭവം എന്നർഥം. വിഭവങ്ങളിൽ മനുഷ്യർക്കുളള അവകാശം സമവും സാർവത്രികവും സാർവ്വലൗകികവുമാണ് എന്നതുകൊണ്ട് അർഥമാക്കുന്നത്, അവശ്യവിഭവ ലഭ്യതയ്ക്കകത്ത് ജീവിക്കാനുളള അവകാശം ലോകത്തുളള എല്ലാ വിഭാഗം ജനങ്ങളുടെയും സമവും തുല്യവുമായ അവകാശം എന്നാണ്. മനുഷ്യാവകാശത്തിൻറ്റെ ഉൾസത്ത അതാണ്; അതായിരിക്കുകയും വേണം അവശ്യവിഭവ ലഭ്യതയ്ക്കുമേലുളള അവകാശസമത്വം ഇന്ന് അധികാരത്തിന്റെ പ്രശ്നമായി മാറിയിരിക്കുന്നു. അവകാശം എന്ന പഴയ വ്യവഹാരം, അറിവ് എന്നപോലെ, ഇന്ന് അധികാരത്തെ സാധ്യമാക്കുന്ന അധികാര വ്യവഹാരമാണ്. മറിച്ച്, അവശ്യവിഭവ ലഭ്യത ജനങ്ങളുടെ അധികാരമാണ് എന്നുമാത്രമല്ല ജ്ഞാനവ്യവഹാരം ഒന്നാകെ തന്നെ ജനങ്ങൾക്ക് വിഭവങ്ങൾക്കുമേലുളള അധികാരത്തെ ഉറപ്പിക്കുന്ന പ്രതിവ്യവഹാര മണ്ഡലമായി മാറുകയും ചെയ്തു. എല്ലാ അധികാരവും ആത്യന്തികമായി വിഭവങ്ങൾക്കുമേലുളള അധികാരമാണെന്നും, ആ അർഥത്തിൽ അധികാര രാഷ്ട്രീയമെന്നത് വിഭവങ്ങൾക്കുമേലുളള അധികാരവും രാഷ്ട്രീയവുമാണെന്നും വിവരമുളളവർ പറയുന്നത് അതുകൊണ്ടാണ്. 
ദലിതർക്ക് പക്ഷേ വിഭവാധികാരവും വിഭവരാഷ്ട്രീയവും വേണ്ട എന്ന് ഒരു ദലിത് എഴുത്തുകാരനെക്കൊണ്ട് തന്നെ മുതലാളിത്തം പറയിച്ചിരിക്കുന്നു! മുതലാളിത്തത്തിന്റെ അജയ്യവും അപ്രതിരോധ്യവുമായ വിജയത്തിൻറ്റെ ചരിത്രം അതിൻറ്റെ അതിജീവന തന്ത്രങ്ങളുടെ വിജയത്തിൻറ്റെ ചരിത്രവും കൂടിയാണ്. ദലിതരിൽ “ദലിത് ബുദ്ധിജീവികൾ” ഉണ്ടാകുന്നത് ഈ തന്ത്രത്തിന്റെ ഭാഗമായാണ്. ആദിവാസികളുടെ പ്രശ്നം “വംശനാശ” പ്രശ്നമാണ് എന്ന് ഈ “ബുദ്ധിജീവികൾ” പറയുന്നു! കെ. കെ. ബാബുരാജിൻറ്റെ ലേഖനം വായിച്ചാൽ അയാൾ ഉന്നയിക്കുന്ന ഓരോ പ്രശ്നവും അതാണ്. ബി. ആർ. അംബേദ്കർ “ചൂണ്ടിക്കാട്ടി” എന്ന് ബാബുരാജ് പറയുന്ന “പുറന്തളളൽ” ഏറ്റവും കൃത്യമായി നടപ്പാക്കിയിരിക്കുന്നത് അയാൾ തന്നെയാണെന്ന് പക്ഷേ ഈ നവദലിതൻ അറിയുന്നില്ല. നവദലിതന്മാരുടെയും നവ മുസ്‍‍ലിങ്ങളുടെയും ഒരു വലിയ പ്രശ്നവും അതാണ്. ഇവരുടെ “പഠന”ങ്ങളും “വായന”കളും ഒക്കെ സത്യവും അന്തിമവും ഇൻക്ലൂസീവും ആണ് എന്ന് അവർ വിചാരിക്കുന്നു. ശ്രീനാരായണഗുരുവിനെ പുറന്തളളിക്കൊണ്ടും പുറത്ത് മഴയത്ത് നിർത്തിക്കൊണ്ടുമല്ലാതെ ഇവരുടെ സ്വത്വവാദ രാഷ്ട്രീയാഖ്യാനങ്ങളെ ആലേഖനം ചെയ്യാനാകില്ല എന്ന് അവർക്ക് നന്നായി അറിയാം. ഭൂമിക്കും വിഭവങ്ങൾക്കും വിഭവ സ്രോതസുകൾക്കുംമേൽ ജനങ്ങൾക്കുളള അവകാശത്തെയും അധികാരത്തെയും പുറത്തു നിർത്തിക്കൊണ്ട് (“പുറന്തളളിക്കൊണ്ട്”) “വിമോചന” പഠനവും ഗവേഷണങ്ങളും നടത്തുന്ന ഇത്തരം വിദ്വാൻമാർ രംഗത്തു തുടരുന്നതുതന്നെ “പുറന്തളളൽ” എന്ന കലയും കൈവിരുതും അതിവിദഗ്ധമായി ഉപയോഗിച്ചുകൊണ്ടാണ്. ജാതി-സമുദായ-മത-വംശ-ലിംഗ “സ്വത്വ”ങ്ങളെ, സ്വത്വവാദങ്ങളെ ഒന്നടങ്കം എന്നെന്നേക്കുമായി കുഴിച്ചുമൂടിയ ആളായിരുന്നു ഏഴജാതികളിലൊന്നിൽ ജനിച്ച നാരായണഗുരു. ഈ പഴയ ദലിതൻ പറഞ്ഞത്, പശുക്കൾക്ക് പശുത്വം പോലെ മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി എന്നാണ്! ഇണ ചേർന്ന് വംശവർദ്ധന നടത്താൻ കഴിവുളള ജന്തുക്കളെല്ലാം ഒരു ജാതി(ഇനം)യാണെന്നും ഗുരു പറഞ്ഞിട്ടുണ്ട്. സഹോദരൻ അയ്യപ്പനു മുമ്പുതന്നെ ജാതിഘടനയെ വിഛേദിച്ചുകൊണ്ട് സമുദായത്തെ ഉന്നയിച്ചയാളും ഗുരുവാണ്. ജാതിവിഭജനത്തെ അതിജീവിച്ചും അതിലംഘിച്ചുംകൊണ്ടാണ് ഗുരു സമുദായത്തെ ഉന്നയിച്ചത്. സമുദായം എന്നതുതന്നെ ഗുരുവെ സംബന്ധിച്ച് ശാശ്വതവും സ്ഥിരവുമല്ല എന്നതാണ് വാസ്തവം. സമുദായം എന്ന ഘടന, അവിടെ നിന്നും മുന്നോട്ടുളള പ്രക്രിയാപരമായ തുടർച്ചയുടെ ഒരു സവിശേഷസ്ഥാനം മാത്രാണ് ഗുരുവിന്. ഗുരു ഉന്നയിച്ച സമുദായം എന്ന വിഭാവന ഇന്നത്തെ “മുസ്‍‍ലിം സമുദായ” ബുദ്ധിജീവികളും “ദലിത് സമുദായ” ബുദ്ധിജീവികളും പറയുന്ന “സമുദായ”മല്ല. സമുദായത്തെക്കുറിച്ചുളള ഗുരുവിൻറ്റെ കാഴ്ചപാട് 1927ൽ സംഘടനാപ്രവർത്തനം സംബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച ഒരു സന്ദേശത്തിൽ നിന്ന് വായിച്ചെടുക്കാം. “സംഘടന കൊണ്ടല്ലാതെ യാതൊരു സമുദായത്തിനും അഭിവൃദ്ധിയും ശക്തിയും ഉണ്ടാകുന്നതല്ല. ഈ തത്വം അനുസരിച്ചാണ് നാം 25 കൊല്ലം മുമ്പ് യോഗം സ്ഥാപിച്ചത്. ഈഴവനെന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നില്ല. അതിനാൽ ഈ യോഗത്തിൽ ജാതിമത ഭേദം നോക്കാതെ അംഗങ്ങളെ ചേർക്കാവുന്നതാണ്. യോഗത്തിൽ ധാരാളം അംഗങ്ങൾ ചേരട്ടേ എന്ന് ഞാൻ ആശംസിക്കുന്നു.” ഇനി, ആർക്കെങ്കിലും ഈഴവൻ എന്നത് ഒരു ജാതിപ്പേരാണ് എന്നു തോന്നുന്നുവെങ്കിൽ “മലയാളി” എന്ന പേര് സ്വീകരിക്കാമെന്ന് മറ്റൊരു സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. ജാതി-ഉപജാതി ഘടനകളുടെ സംഘാതമായിരുന്ന ജാതിവ്യവസ്ഥയ്ക്കു പുറത്തും കേരളീയ നവോത്ഥാനത്തിനകത്തും സമുദായം എന്ന സങ്കൽപനത്തെ ഉന്നയിച്ച ഗുരുവിന് എന്തുകൊണ്ടാണ് ബാബുരാജ് “പുറന്തളളി”യത് എന്ന് വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്. നാരായണഗുരു പഴയ ദലിതനായി പുറത്തു നിൽക്കുമ്പോൾ നവ ദലിത് വ്യവഹാരത്തിനകത്തുവരുന്ന ഈ നവദലിതൻ ഏത് ദലിതനാണെന്നും ഇവിടെ കൃത്യമായി മനസിലാക്കാനാകും.
സവർണതയെ “ഇടതു”മായി ചേർത്തുവച്ചുകൊണ്ട് “സവർണ ഇടതുപക്ഷ പൊതുബോധം” എന്ന ഒരു ബോധത്തെ ബാബുരാജ് അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ഒരു വലിയ തട്ടിപ്പ് ഉളളടങ്ങിയിട്ടുണ്ട്. ആഗോളവത്ക്കരണത്തിൻറ്റെ യും വികസന മുതലാളിത്തത്തിൻറ്റെയും ഗുണഭോക്താക്കൾ എന്ന നിലയിൽ ഇന്ന് ഇന്ത്യയിലും, കേരളത്തിൽ വിശേഷിച്ചും ഒരു പുത്തൻ സവർണത രൂപമെടുത്തിട്ടുണ്ട്. പഴയ വർണകൽപനകളെ ഇല്ലാതാക്കിക്കൊണ്ട് രൂപമെടുത്ത ഈ പുത്തൻ സവർണത അതിൻറ്റെ മറുവശത്ത് പുത്തൻ അവർണതയെയും സ്ഥാപിച്ചിട്ടുണ്ട്. അതായത്, പഴയ ദലിതരിൽ ഒരുവിഭാഗം നവസവർണരിലും പഴയ സവർണരിൽ ഒരുവിഭാഗം പുതിയ ദലിതരിലും ഉൾച്ചേർന്നിട്ടുണ്ട്. ഇതിൻറ്റെ ഈ പരിഛേദത്തിൻറ്റെ അടിസ്ഥാന മാനകമാണ് വിഭവം. അതുകൊണ്ടുതന്നെ വിഭവാധികാരവും വിഭവരാഷ്ട്രീയവും വിഭവപങ്കാളിത്തത്തിലുളള അവകാശവും എന്നത് പഴയദലിതൻറ്റെ പ്രശ്നമല്ല. പുത്തൻ ദലിത് അവസ്ഥകളിലേക്ക് പിഴുതെറിയപ്പെട്ട വിഭാഗങ്ങൾ ഉൾപ്പെടെ ഒരു വലിയ ജനവിഭാഗത്തിൻറ്റെ വിമോചനരാഷ്ട്രീയത്തിൻറ്റെ പ്രശ്നമാണത്. പരമ്പരാഗത-തീരദേശ തൊഴിൽ മേഖലകൾ ഉൾപ്പെടെ അന്നന്നത്തെ അന്നവും ആവാസവും ഒത്ത പരിസ്ഥിതിയും നഷ്ടപ്പെട്ട -പടിപടിയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന- ഒരു ജനവിഭാഗത്തിൻറ്റെ ഒന്നാകെയുളള രാഷ്ട്രീയമാണ് വിഭവരാഷ്ട്രീയം. “ദലിത് മുസ്‍‍ലിം ഐക്യം” എന്ന നിർമിതിയിലെ ആൺമുസ്‍ലിമിനും “മുസ്‍‍ലിം സ്ത്രീ” നിർമിതിയിലെ മുസ്‍‍ലിം സ്ത്രീക്കും ഒക്കെ ഇത് നന്നായി അറിയാം. പഴയ ഭൂസ്വാമിമാരുടെ വരമ്പുകളിൽ കുടിപാർത്തിരുന്ന പറയരെയും പുലയരെയും സ്വന്തമായി ഒരു കൂര വെക്കാൻ ഒരു തുണ്ട് ഭൂമിപോലും ഇല്ലാതിരുന്ന ദരിദ്ര ഈഴവരെയും കുടിയൊഴിപ്പിയ്ക്കൽ നിരോധന ഉത്തരവിലൂടെയും ഭൂപരിഷ്കരണ നിയമത്തിലൂടെയും ഒരു പരിധി വരെ സംരക്ഷിച്ചു നിർത്തിയത് പഴയ “ഇടത്” ഗവൺമെന്റാണെന്നും ഇവർക്ക് നന്നായറിയാം. കുട്ടനാട്ടിലെ വിസ്തൃതമായ കായൽ നിലങ്ങൾ സ്വന്തം ചോരയും വിയർപ്പുംകൊണ്ട് നിർമിച്ച പുലയരെ അതേ കായലുകളുടെ വരമ്പുറക്കാൻവേണ്ടി ജീവനോടെ കുഴിച്ചിടുന്നതും ഭൂവുടമകളുടെ ആജ്ഞകൾ അനുസരിക്കാത്തവരെ തല്ലിക്കൊന്ന് ആഴക്കായലിൽ കല്ലുകെട്ടി താഴ്ത്തുന്നതും യൂറോപ്പിലെ ആദിപാപ കഥകളല്ല, കേരളത്തിൽ നടന്നതാണ്. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ മുതൽ ജോൺ എബ്രഹാമിൻറ്റെ ‘ചെറിയാച്ചൻറ്റെ ക്രൂരകൃത്യങ്ങൾ’ വരെയുളള കലാസൃഷ്ടികൾ ഇത്തരമൊരു ജീവിത സാഹചര്യത്തിൻറ്റെ നിത്യസാക്ഷ്യങ്ങളാണ് എന്ന് ബി. രാജീവൻ പറയുന്നുണ്ട്. പറഞ്ഞു വരുന്നത്, “ഇടതി”നെ സവർണതയുമായി ചേർത്തു പറയുന്നതിൻറ്റെ പിന്നിൽ ആഴമേറിയ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടെന്നും വിഭവരാഷ്ട്രീയത്തെയാണ് ഇത്തരം ഗൂഢനിർമിതികൾ “പുറന്തളളു”ന്നത് എന്നുമാണ്. മറ്റൊരു തന്ത്രം “ദലിത്-മുസ്‍‍ലിം-പിന്നോക്ക” വ്യവഹാരികൾ “ഇടത്” എന്നോ, കൂടിയാൽ “ഇടതുപക്ഷം” എന്നോ പറയുന്നതിലാണ്. ഒരിക്കൽ ഈ “ഗ്രൂപ്പി”ന്റെ മുഖ്യ സൈദ്ധാന്തികരിൽ ഒരാൾ കേരളത്തിലെ സി പി ഐ (എം) ഒരു “ഹിന്ദു പാർട്ടി”യാണെന്ന് പറഞ്ഞത്! ഹൈന്ദവ ഫാസിസ്റ്റുകളെയും വികസന ഫാസിസ്റ്റുകളെയും ഒരേസമയം രക്ഷിച്ചുകൊണ്ട് ആഗോള മുതലാളിത്തത്തെയും അതിൻറ്റെ ഇന്ത്യൻ പ്രയോഗത്തെയും ഞങ്ങൾ എതിർക്കുന്നില്ല എന്ന വാക്കുപോലും എഴുത്തിൽ പ്രയോഗിക്കില്ല എന്ന് ഒരു സത്യം വേറെയും നിലനിൽക്കുന്നുണ്ട്. 
കീഴാളർക്ക് വർഗബോധത്തിൻറ്റെ കുറവും സ്വത്വബോധത്തിൻറ്റെ അധികവും ഉണ്ടെന്ന് ബാബുരാജ് സ്വയം സങ്കൽപ്പിക്കുന്നുണ്ട്. ദലിതരും ആദിവാസികളും മാത്രമല്ല, ദലിതാവസ്ഥയിലേക്ക് ക്രമേണ പുറന്തളളപ്പെട്ടുകൊണ്ടിരിക്കുന്ന ഇതര സമുദായങ്ങളിലെ ദലിതരും, വിഭവലഭ്യതയിൽ നിന്ന് പടിപടിയായും നിരന്തരമായും വെട്ടിമാറ്റപ്പെടുന്നവർ എന്ന നിലയിൽ ഒരുമിച്ചു നിൽക്കുന്നതിനെയാണ് വിഭവരാഷ്ട്രീയവും വിഭവാധികാരവും സൂചിപ്പിക്കുന്നത്. ഈ വിഭാഗങ്ങൾക്കിടയിൽ സ്വാഭാവികമായും വളർന്നു വരാവുന്ന സമത്വബോധത്തെ പുറന്തളളുന്നു എന്നതിനാൽ ഏതു ഗുണത്തിൽപെടുന്ന സ്വത്വബോധവും സ്വത്വവാദവും “വംശ”സംരക്ഷണവാദവും അപകടകരമാംവിധം ഒരു “അധിക”മാണ് എന്ന കാര്യം നിസ്തർക്കമാണ്. സമത്വം എന്ന, മാനവികവും ആധുനികവും പരിഷ്കൃതവും വിമോചകവുമായ ശാശ്വതമൂല്യത്തെ നമസ്ക്കരിക്കുന്നു എന്നതിനാലാണ് ഉത്തരാധുനിക മുതലാളിത്തത്തിന്റെ സാംസ്കാരിക ബുദ്ധി (യുക്തി) സ്വത്വം എന്ന ഭൂതത്തെ വിഭവ കീഴാളത്തവും അകർതൃത്വവും അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ബുദ്ധിഎഴുത്തുകാർക്കിടയിലേക്ക് തുറന്നു വിട്ടത്. കർതൃത്വം പണ്ടു തീരുമാനിച്ചിരുന്നത് കരം തീരുവയായിരുന്നു, ഇന്നും അത് അങ്ങനെത്തന്നെയാണ്. നിങ്ങൾ എന്തിൻറ്റെയെല്ലാം ഉടമസ്ഥരാണ് എന്നത് നിങ്ങളുടെ കർതൃത്വത്തിൻറ്റെ അളവിനെ നിശ്ചയിക്കുന്നു. കർതൃത്വം വിഭവപരമാണെന്നർഥം. ലുലുമാളുകളിലൊഴിച്ച് മറ്റെവിടെയും കർതൃത്വം നിശ്ചയിക്കുന്നത് വില്ലേജ് ഓഫീസുകളായിരിക്കും. [1913ൽ കൊച്ചിയിൽ അധഃകൃതർ ഒരു യോഗം ചേർന്നത് എറണാകുളം കായലിൽ വഞ്ചികൾക്കു മുകളിൽ പലകകൾ നിരത്തി അതിന്മേലായിരുന്നു. അതാണ് കായൽ സമ്മേളനം എന്ന പേരിലറിയപ്പെട്ടിരുന്നത്. ഇന്നത്തെ ദലിതർക്ക് 1913ൽ കൊച്ചിയുടെ മണ്ണിൽ കാലുകുത്താൻ കഴിയില്ലായിരുന്നു എന്നർഥം].
പൊതുബോധത്തെ സവർണമെന്നും ലിബറലെന്നും ഇടതെന്നും വിഭജിക്കുന്ന ഈ “അധിക” ബുദ്ധിജീവികൾ ഒരു സമയത്തും “വലത്” എന്ന് പറയില്ല. “മുസ്‍‍ലിം വിരുദ്ധ പൊതുബോധം” എന്നുവരെ പറയാൻ ഈ സ്വത്വവാദികൾക്ക് യാതൊരു മടിയുമില്ല. ഇവർ മനസിലാക്കാൻ വൈകുന്ന ഒരുകാര്യം, വർത്തമാനകാല കേരളസമൂഹത്തിൽ സമത്വവിരുദ്ധമായതും വികസനവാദപരമായതും മതാത്മകമായതും അന്ധവിശ്വാസ ജഡിലമായതുമായ ഒരു വലതുപക്ഷ പൊതുബോധം രൂപപ്പെട്ടിരിക്കുന്നു എന്ന കാര്യമാണ്. പുതുവൈപ്പിൽ ഐ.ഒ.സി. പ്ലാന്റ് വിരുദ്ധ സമരത്തിലെ അതീവ മർദ്ദനത്തിനിരയായ ഒരു സമരനേതാവ് തൻറ്റെ ദേഹത്തേറ്റ പോലിസിൻറ്റെ അടിയുടെ ചൂടാറുംമുമ്പ് മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചത് “ഞങ്ങൾ വികസനത്തിനെതിരല്ല” എന്ന ആമുഖ പ്രതിജ്ഞയോടെയാണ്. ആദ്യം പറഞ്ഞത് ഞാൻ വികസനത്തിന് എതിരല്ല എന്നാണ്. അതായത്, വികസനത്തിന് വേണ്ടി നിങ്ങൾ ആരെയും തല്ലിക്കാളളുക, ആരെയും കുടിയിറക്കിക്കൊളളുക, പക്ഷേ എന്നെ ഒഴിവാക്കണം, ഇതാണ് കേരളത്തിന്റെ വികസന (വലതുപക്ഷ) പൊതുബോധം!!

About author

സാമൂഹിക വിമർശകൻ, എഴുത്തുക്കാരൻ... വിമോചന ദൈവശാസ്ത്രം, ഇസ്ലാമിക വിമോചന ദൈവശാസ്ത്രം, മാർക്സിസം എന്നീ മേഖലകളിൽ അന്വേഷണങ്ങൾ  നടത്തി കൊണ്ടിരിക്കുന്നു. സമകാലിക  മത-സ്വത്വവാദ  സംഘടനകളുമായി വിമർശനാത്മകമായ  അടുപ്പവും  അകൽച്ചയും  പുലർത്തുന്നു. ആനുകാലികങ്ങളിൽ വിവർത്തനവും ലേഖനങ്ങളും എഴുതുന്നു. സാംസ്കാരിക-രാഷ്ട്രീയ  പ്രവർത്തനങ്ങളിൽ സജീവമായി  ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

റിട്ടയേർഡ് സ്കൂൾ അധ്യാപകനായ  അഹ്മദ് അഷ്റഫ് പെരുമ്പാവൂർ  മുടിക്കലാണ് സ്വദേശം.  ഇപ്പോൾ ആലുവക്കടുത്ത്  കുട്ടമശ്ശേരിയിൽ  താമസിക്കുന്നു .