തിരയധികാരം ആർക്ക്?

banned

കഴിഞ്ഞ വർഷം അന്തരിച്ച പോളിഷ് സംവിധായകൻ ആന്ദ്രേ വൈദയുടെ അവസാന ചിത്രമായിരുന്നു ആഫ്റ്റർ ഇമേജ്. സോഷ്യൽ റിയലിസമെന്ന കലാ പ്രസ്ഥാനത്തോട് അകന്നു നിൽക്കുകയും, നിയോ റിയലിസ്റ്റിക് പെയിന്റിംഗുകൾ വരക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ സോഷ്യൽ റിയലിസത്തെ അനുകൂലിക്കുന്ന ഭരണ അധികാര കേന്ദ്രങ്ങളുടെ നിരന്തരമായ വേട്ടയാടലുകൾക്ക് വിധേയനാവുന്ന വ്ലാഡിസ്‌ലോ സ്ട്രെമെൻസ്‌കി എന്ന ചിത്രകാരന്റെ ജീവിതമാണ് ആഫ്റ്റർ ഇമേജ്. സമഗ്രാധികാരം എപ്പോഴും അങ്ങനെയാണ്. അത് എതിർ ശബ്ദങ്ങളെ ഭയപ്പെട്ടു കൊണ്ടിരിക്കും, ഭയപ്പെടുത്തിക്കൊണ്ടും. അധികാരം നിർമിക്കുന്ന വ്യവസ്ഥിതിക്കു പുറത്തുള്ള ആശയങ്ങൾക്ക് വ്യവസ്ഥിതിയിൽ പ്രസക്തിയില്ലെന്നു മാത്രമല്ല, കഴിയുന്നത്ര അത്തരം ആശയങ്ങളെ ഇല്ലാതാകാൻ അധികാരം ശ്രമിച്ചുകൊണ്ടേയിരിക്കും.

AFTERIMAGE, DIR: ANDRZEJ WAJDA
AFTERIMAGE, DIR: ANDRZEJ WAJDA

അത്തരത്തിൽ ഒടുവിലെത്തിയ വാർത്ത തിരുവനന്തപുരത്തു ജൂൺ 16 മുതൽ കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന IDSFFK (INTERNATIONAL DOCUMENTARY AND SHORT FILM FESTIVAL OF KERALA ) യിൽ പ്രദർശിപ്പിക്കാനായി സ്ക്രീനിംഗ് കമ്മിറ്റി തിരഞ്ഞെടുത്ത 3 ഡോക്യൂമെന്ററികൾ (UNBEARABLE BEING OF LIGHTNESS, IN THE SHADE OF FALLEN CHINAR, MARCH MARCH MARCH ) ക്ക് കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നു. സെൻസർഷിപ്പ് ലഭിക്കാത്ത ചിത്രങ്ങളുടെ പൊതുപ്രദർശനങ്ങൾക്ക് I & B മന്ത്രാലയത്തിന്റെ പ്രത്യേക EXEMPTION വേണമെന്ന നിയമം ഉപയോഗിച്ചാണ്, ഭരണകൂടത്തിനെയും അധികാരത്തിലിരിക്കുന്ന സംഘപരിവാറിനെയും നിശിതമായി വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ മൂന്നു ചിത്രങ്ങളും ജനങ്ങൾ കാണേണ്ടതില്ല എന്ന് കേന്ദ്രം തീരുമാനിക്കുന്നത്. IFFK 2016 ൽ ഇതേ വ്യവസ്ഥ ഉപയോഗിച്ചായിരുന്നു ജയൻ ചെറിയാന്റെ കാ ബോഡി സ്കേപ്പ് നു പ്രദർശനാനുമതി നിഷേധിച്ചത്. എന്നാൽ ഹൈക്കോടതിയുടെ പ്രത്യേക വിധിയിലൂടെ 2 സ്‌ക്രീനിങ്ങുകൾക്കു മാത്രമുള്ള അനുമതി ജയൻ ചെറിയാൻ നേടിയതിലൂടെയാണ് ചിത്രം മേളയിൽ പ്രദർശിപ്പിക്കാൻ സാധിച്ചത്.

march march march

ജനാധിപത്യ ഇന്ത്യയിൽ സിനിമാ ആവിഷ്കാരത്തിന്റെ തിരയധികാരം ആർക്ക് എന്ന ചോദ്യവും പ്രശ്നവുമാണ് ഇപ്പോൾ ഉയരുന്നത്. രോഹിത് വെമുലയെക്കുറിച്ചുള്ള UNBEARABLE BEING OF LIGHTNESS, കാശ്മീർ സർവകലാശാലയിലെ  വിദ്യാർത്ഥികളായ ആർട്ടിസ്റ്റുകളുടെ കലയെക്കുറിച്ചു പറയുന്ന IN THE SHADE OF FALLEN CHINAR, ജെ എൻ യു വിഷയം പ്രതിപാദിക്കുന്ന MARCH MARCH MARCH എന്നീ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കുന്നതിലൂടെ വ്യക്തമാവുന്ന സംഘപരിവാർ അജണ്ട കൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം പൂരിപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ.

in the shade

നിരോധനങ്ങളും സംഘപരിവാർ പ്രതിഷേധങ്ങളും ഇന്ത്യയിൽ  പുതിയ കാര്യമല്ല. 2001 ൽ ആനന്ദ് പട്വർദ്ധൻ സംവിധാനം ചെയ്ത രാം കെ നാം എന്ന ചിത്രത്തിന് മലപ്പുറം ജില്ലയിൽ സംഘപരിവാർ സംഘടനകളുടെ പരാതിയിന്മേൽ കളക്ടർ വിലക്കേർപ്പെടുത്തിയിരുന്നു. 2012 ൽ പുറത്തിറങ്ങിയ OCEAN OF TEARS ദേശദ്രോഹപരവും രാജ്യവിരുദ്ധവുമാണെന്നാരോപിച്ച സംഘ്,  കഴിഞ്ഞ വർഷം ചിത്രം പ്രദർശിപ്പിച്ച ഷൊർണുർ വിബ്ജിയോർ ചലച്ചിത്രമേളയിൽ  സ്‌ക്രീൻ കത്തിക്കുകയുണ്ടായി. ആനന്ദ് പട്വർധന്റെ ദി ഫാദർ സൺ ആൻഡ് ദി ഹോളി വാർ എന്ന ചിത്രത്തിന് ആദ്യം സെൻസർഷിപ്പ് കൊടുക്കാതിരുന്നതിന്റെ കാരണം ചിത്രത്തിൽ മുപ്പതു സെക്കന്റിലധികം മൃതദേഹം കാണിച്ചു എന്നതിനാലായിരുന്നു. തെരുവിൽ കത്തിയെരിയപ്പെട്ട മൃതദേഹം ഷൂട്ട് ചെയ്ത സീനായിരുന്നു ചിത്രത്തിലേത്. എന്നാൽ താൻ ഷൂട്ട് ചെയ്തത് നിസ്സംഗരായി നടന്നു നീങ്ങുന്ന മനുഷ്യരെയാണ് എന്ന് വാദിച്ച പട്വർദ്ധൻ  കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയുണ്ടായി. രാകേഷ് ശർമയുടെ ഫൈനൽ സൊല്യൂഷൻ ഇതുപോലെ സെൻസർ ബോർഡ് തടഞ്ഞപ്പോൾ അദ്ദേഹം സ്വീകരിച്ചത് മറ്റൊരു രീതിയായിരുന്നു. ഈ ചിത്രത്തിന്റെ പതിനായിരം കോപ്പികളെടുത്ത് സൗജന്യമായി വിതരണം ചെയ്തു. ഒറ്റ കണ്ടീഷൻ ഉണ്ടായിരുന്നു. ഇങ്ങനെ ലഭിക്കുന്നവരെല്ലാം പത്തു കോപ്പിയെങ്കിലും പൈറേറ്റ് ചെയ്ത് വിതരണം ചെയ്യണം. ലക്ഷക്കണക്കിനു ആളുകൾ ചിത്രം കണ്ടു. ഇത് തിരിച്ചറിഞ്ഞ സെൻസർ ബോർഡ് ഫൈനൽ സൊല്യൂഷൻ മടക്കിവിളിച്ച് ക്ലിയറൻസ് കൊടുത്തു.പിന്നീട് ദേശീയ അവാർഡും കിട്ടി.

ram ka nam

ഇറാനിയൻ സംവിധായകരായ ജാഫർ പനാഹി, മജീദ് മജീദി എന്നിവർക്കും സ്വന്തം രാജ്യത്തു ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഭരണകൂട വിലക്കുകൾ ഉണ്ടായിരുന്നു. ഒന്നിലധികം തവണ ജാഫർ പനാഹി അറസ്റ്റ് ചെയ്യപ്പെട്ടു. ദി പ്രസിഡന്റ് എന്ന ചിത്രത്തിന്റെ സംവിധായകൻ മൊഹ്‌സീൻ മക്മൽബഫ് ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ടു. അദ്ദേഹം ഇപ്പോൾ ഫ്രാൻസിലാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വേട്ടയാടപ്പെട്ടവരുടെ നിര തീരുന്നില്ല. ഇന്ത്യയിൽ ഇപ്പോഴുള്ള അവസ്ഥക്ക് മേല്പറഞ്ഞതിൽ നിന്ന് കാര്യമായി മാറ്റമൊന്നുമില്ല. ബാഹുബലിയും പുലിമുരുകനും ദേശീയ പുരസ്‌കാരങ്ങൾ വാങ്ങുന്ന കാലത്തു വിശേഷിച്ചും.

പ്രതിഷേധമെന്ന നിലയിൽ ആനന്ദ് പട്വർദ്ധനടക്കം മുൻനിര സംവിധായകർ  ഇപ്പോൾ ഈ നിരോധനത്തിനെതിരെ 3 സിനിമകളും വ്യാപകമായി പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നു കഴിഞ്ഞു. പാരലൽ സ്‌ക്രീനിംഗുകൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നു. പക്ഷെ ഫെസ്റ്റിവൽ എന്ന വിശാലമായ ഇടത്തിന്‌ പുറത്താണ് ഇപ്പോഴും ഈ സിനിമകൾ എന്നത് നിരാശാജനകമാണ്.

"I am the Hitler of my cinema " എന്ന് പറഞ്ഞത് വിഖ്യാത ചലച്ചിത്രകാരൻ ജോൺ എബ്രഹാമാണ്. ഇന്ന് HITLER  എന്നതിന്റെ   പൂർണാർത്ഥത്തിൽ തിരയധികാരം ഭരണകേന്ദ്രങ്ങൾ ഏറ്റെടുത്തിരിക്കുന്നു. മൂന്നു ചിത്രങ്ങളോടും, അത് പ്രദർശിപ്പിക്കാനുള്ള ചലച്ചിത്രകാരന്മാരുടെ സ്വാതന്ത്ര്യത്തോടും, കാണാനുള്ള കാണിയുടെ അവകാശത്തോടും ജനാവിഷ്കാര ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ബഹുസ്വരതയെ നിശബ്ദമാക്കുന്ന കേന്ദ്ര നടപടിയിൽ പ്രതിഷേധിക്കുന്നു.

 

About author

സിനിമാ നിരൂപകൻ. ബാങ്കിൽ ജോലി ചെയ്യുന്നു.