സ്വപ്നങ്ങളുടെ ദില്ലി

Dilli
ഡൽഹി നഗരത്തിന്റെ ഹൃദയം തിരഞ്ഞു ചെന്നാൽ നമ്മളെവിടെയാകും എത്തിച്ചേരുക? രാജകീയ  പ്രൗഢി വിളിച്ചോതുന്ന ചരിത്ര സ്മാരകങ്ങളിലോ, രാഷ്ട്രീയം പൊടിപാറുന്ന സൗധങ്ങളിലോ, മെട്രോ ജീവിതത്തിന്റെ ആർഭാഢങ്ങളിലോ അതു കണ്ടെത്താനാവില്ല. ഡൽഹിയെ പണിതുയർത്തിയ; ഇന്നും ചലിപ്പിച്ചു കൊണ്ടിരിക്കുന്ന കുടിയേറ്റ തൊഴിലാളികളിൽ  തിരഞ്ഞാൽ ഈ ഉത്തരം കണ്ടെത്താൻ കഴിയും. നൂറ്റാണ്ടുകളായി ഇന്ദ്രപ്രസ്ഥത്തിലേക്ക് മനുഷ്യ പ്രവാഹം നടന്നുകൊണ്ടിരിക്കുന്നു. ഈ മനുഷ്യരുടെ  അധ്വാനത്തിന്റേയും ജീവിതസമരത്തിന്റേയും എഴുതപെടാത്ത ചരിത്രത്തിൽ നിന്നാണ് ഡൽഹി രൂപം കൊള്ളുന്നത്. ഇന്നും ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ മരിച്ചു കൊണ്ടിരിക്കുന്ന ഗ്രാമങ്ങളിൽ നിന്നും പ്രതിദിനം പതിനായിരക്കണക്കിന് മനുഷ്യരാണ് ഡൽഹിയിലേക്ക് കുടിയേറി കൊണ്ടിരിക്കുന്നത്. ഇവർ അസംഘടിതമേഖലയിൽ തുച്ഛമായ വരുമാനത്തിനു വേണ്ടി വിയർപ്പൊഴുകി കൊണ്ടിരിക്കുന്നു. ഒരോ വികസന പ്രവർത്തനങ്ങളേയും സബ്സിസൈഡ് ചെയ്തു കൊണ്ടിരിക്കുന്നത് ഇവരുടെ ദുരന്ത ജീവിതങ്ങളാണ്. പാർശ്വവത്കരിക്കപ്പെട്ട ഈ മനുഷ്യരുടെ സ്വപ്നങ്ങൾ എന്തായിരിക്കും? തീർച്ചയായും തലചായ്ക്കാൻ ഒരു വീട് തന്നെയായിരിക്കും അതിൽ ആദ്യത്തേത്. ഈ സ്വപ്നത്തിനു പിറകെ ക്യാമറയുമായി യാത്ര ചെയ്യുകയാണ് " ദില്ലി " എന്ന ഡോക്കുമെന്ററി. 
 
ഒരു കവിത പോലെ സുന്ദരമാണ് ഈ ചിത്രത്തിന്റെ ദൃശ്യഭാഷ. കണ്ടു മടുത്ത ഡോക്കുമെന്ററി ചലച്ചിത്രങ്ങളുടെ  അവതരണശൈലിയേ അല്ല നമ്മളിവിടെ കാണുന്നത്. ഡൽഹിയിലേക്ക് കുടിയേറിയ  മനുഷ്യരുടെ അതിജീവനത്തിന്റേയും പ്രതീക്ഷകളുടേയും ചാരുതയാർന്ന ദൃശ്യാവിഷ്ക്കാരമാണിത്.  വിവര സമ്പന്നമായിരിക്കുമ്പോൾ തന്നെ ഒരു കഥേതര ചിത്രത്തിന് കലാത്മകമാകുവാനും (Artistic) കഴിയും എന്നതിന് ഉത്തമോദാഹരണമാണീ ചിത്രം. 
 
ഒരോ വലിയ പ്രോജെക്‌റ്റുകൾ ആരംഭിക്കുമ്പോഴും അതിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നഗര സമീപം താത്കാലിക കൂരകൾ ഉയരും. പ്രോജെക്ട് കഴിഞ്ഞാൽ ഉടനെ ഇവരെ കുടിയിറക്കും. കുടിയേറ്റവും കുടിയിറക്കവും ഇടകലർന്നതാണ് അവരുടെ ജീവിതം. നഗരത്തിന് സൗന്ദര്യം കൂട്ടാൻ ബലികഴിക്കപ്പെടുന്നത് ഇതുപോലെ നിരവധി മനുഷ്യരുടെ വീടുകളാണ്. കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്ന് തുടച്ചു നീക്കപ്പെട്ട നിരവധി കോളനികളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ അവതരിപ്പിക്കുന്നുണ്ട് ഈ ചലച്ചിത്രം.
 
 "വികസനം" സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ജീവിതങ്ങളുടെ നേർക്കാഴ്ച അവതരിപ്പിക്കുമ്പോഴും കണ്ണീരിന്റെ ഭാഷയല്ല ഈ ചിത്രം പിൻതുടരുന്നത്. അധ്വാനിക്കുകയും ചിരിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന മനുഷ്യരുടെ പ്രതീക്ഷയുടെ ഭാഷയാണ് ഈ ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ അവസാനം ഒരു സ്ത്രീ പറയുന്നത് ഇങ്ങനെയാണ് "ഇതൊക്കെ വെറും സ്വപ്നങ്ങൾ മാത്രമാണെന്നറിയാം....പക്ഷെ സ്വപ്നങ്ങൾ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്..."
 
ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശുഷ്മിത് ഘോഷ്-റിന്റു തോമസ് ദമ്പതിമാരാണ് (ചിത്രം ചെയ്യുമ്പോൾ സഹപ്രവർത്തകരായിരുന്ന ഇവർ അടുത്തിടെയാണ് വിവാഹിതരായത്). റിന്റു തോമസ് മലയാളി കൂടിയാണ്. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ആദരിക്കപ്പെട്ട ഈ ചലച്ചിത്രം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നിങ്ങൾക്ക് കാണുവാൻ കഴിയും.
 

About author

എഴുത്തുകാരൻ. കോഴിക്കോട് എം.ബി.എൽ. മീഡിയ സ്കൂളിൽ എക്സിക്യുട്ടീവ് ഡയറക്റ്റർ