തുറുകണ്ണിനു വിട?- പി കെ ശിവദാസ്

supreme court

സ്വകാര്യത ഭരണാഘടനാപരമായ മൗലികാവകാശമായി സുപ്രീം കോടതി വിധിച്ചിരിക്കുന്നു! പൗരസ്വാതന്ത്ര്യ സംരക്ഷണത്തിന് ഇപ്പോഴും നമുക്ക് ആശ്രയിക്കാവുന്ന ഒരു ജനാധിപത്യ സ്ഥാപനമാണ് ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥ എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ വിധി ഏകകണ്ഠമായിരുന്നു. സ്വകാര്യത ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം സംരക്ഷിതമായ മൗലികാവകാശം തന്നെ. ജീവനും സ്വാതന്ത്ര്യവും എപ്രകാരമോ, അപ്രകാരം തന്നെ സ്വകാര്യതയും ഒരു മൗലികാവകാശമാണ് എന്നത്രെ, എം പി ശർമ്മ, ഖരക് സിംഗ് കേസുകളിലെ വാദം കേട്ട ശേഷം അവർ വിധിച്ചത്.

എല്ലാം കാണുന്ന സൈക്ലൊപ്സിനെപ്പറ്റിയാണ് ഹോമർ എന്ന ഗ്രീക്ക് ഇതിഹാസകാരൻ എഴുതിയത്. ജോർജ് ഓർവെല്ലാകട്ടെ സർവ നിരീക്ഷകനായ വല്യേട്ടനെപ്പറ്റിയാണ് 1984 എന്ന പ്രവചന സ്വഭാവമുള്ള ആഖ്യായി കയിൽ മുന്നറിയിപ്പ് നൽകിയത്. മനുഷ്യന്റെ പരസ്യ ചലനങ്ങളും സ്വകാര്യ വ്യവഹാരങ്ങളും ഒരുപോലെ നിരീക്ഷിക്കുന്ന പാനോപ്റ്റിക്കോ ൺ ക്രമത്തെക്കുറിച്ചാണ് മൈക്കൽ ഫൂക്കോ വേവലാതി കൊണ്ടത്. ഇന്നാലോചിക്കുമ്പോൾ ഇവരുടെയെല്ലാം വേവലാതി ചൂണ്ടിക്കാട്ടിയത് ഒരു ഡിസ്ടോപ്യൻ ക്രമത്തിന്റെ ഉദയത്തിലേക്കാണ് എന്ന് മനസ്സിലാക്കാം. ഉട്ടോപ്യ അഥവാ ഉദാത്ത ലോകം എന്നതിന്റെ നേർ വിപരീതമാണ് ഡിസ്ടോപ്യ അഥവാ കെടുലോകം. അത്തരമൊരു കെടുലോകമാണ് സംഘപരിവാർ, ഭരണകൂടത്തിന്റെ സജീവ പങ്കാളിത്തത്തോടെ ഇന്ന് ഇന്ത്യയിൽ പടുത്തുകൊണ്ടിരിക്കുന്നത്. 1975 ൽ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇവിടെ അന്തർധാരയായി പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ചെങ്കടലുകൾ ഉണ്ടായിരുന്നു. അവ ഇന്നുമുണ്ട്. പക്ഷെ, മധ്യ-ഉപരിവർഗ്ഗങ്ങൾ അന്ന് ആ കരികാലത്തെ സ്വാഗതം ചെയ്തത് ഓർക്കുക. സമയത്തിനോടുന്ന വണ്ടികൾ,സമയത്തിനെത്തുന്ന ജീവനക്കാർ-എല്ലാം ജോർ. ഇതായിരുന്നു അക്കൂട്ടരുടെ പൊതുബോധം. അവരിൽ നിന്ന് ഇന്നത്തെ ഡിസ്ടോപ്യയിൽ എത്തുമ്പോഴേക്ക് ആസൂത്രിതമായി ഹിന്ദുത്വ ശക്തികൾ വളർത്തിയെടുത്ത വിധേയത്വത്തിൽ അധിഷ്ഠിതമായ മൂലധനശക്തികൾക്കും ഭൂരിപക്ഷ വർഗീയതയ്ക്കും വഴങ്ങിയ വലിയൊരു വിഭാഗം ജനങ്ങളുണ്ട് എന്ന അവസ്ഥയായിരിക്കുന്നു. കേന്ദ്ര സർക്കാർ ഏതു ജനദ്രോഹ നടപടി കൈക്കൊണ്ടാലും അനുകൂലിക്കുകയോ സഹിക്കുകയോ ചെയ്യുന്നതാണ് നല്ലത് എന്നൊരു തോന്നലിലാണ് അവർ എത്തിനിൽക്കുന്നത്.അല്ലെങ്കിൽ വൈവിധ്യത്തിന്റെ പേരിൽ ആളുകളെ പച്ചയ്ക്ക് കത്തിക്കുകയോ തല്ലികൊല്ലുകയോ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് അവർ പരാങ്മുഖരായിരിക്കുന്നത്?

ഏതായാലും ഇന്നത്തെ സുപ്രീം കോടതി വിധിക്കു ശേഷം ഭരണഘടനാ ഇന്നത്തെ നിലയിൽ നിലനിൽക്കുന്നിടത്തോളം കാലം പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് "പൗരാവകാശ ധ്വംസനം" "നിയമപര"മായി നടത്താനുള്ള സൗകര്യം ഇല്ലാതാക്കുകയാണ്. ഇതോടെ ആധാർ, യു ഐ ഡി എന്നിവയിലൂടെ ഭരണകൂടം പൗരന്റെ സ്വകാര്യത്യക്കുമേൽ ഉയർത്തിയിരുന്ന ഭീഷണി അത്ര എളുപ്പമൊന്നും നടപ്പാക്കാൻ പറ്റാത്ത അവസ്ഥയും സംജാതമായിരിക്കുകയാണ്.

പക്ഷെ സർജിക്കൽ സ്ട്രൈക്കുകളിൽ വിദഗ്ദ്ധരായ കൂട്ടുകാർ ഒപ്പമുള്ളപ്പോൾ സംഘപരിവാറിന്റെ പ്രതിനിധിയായ പ്രധാനമന്ത്രി ക്ക് മുന്നിൽ ഒരു വഴിയുണ്ട്:അനന്യമെന്ന് ലോകം മുഴുവൻ പ്രകീർത്തിക്കുന്ന ഇന്ത്യൻ ഭരണഘടന തന്നെ റദ്ദാക്കുക; "ആർഷ ഭാരത പ്രോക്തമായ" അനുശാസനങ്ങൾ മാത്രം അടങ്ങുന്ന പുതിയ ഒന്ന് എഴുതിക്കുക. സംഘപരിവാറിൽ അതിനു ശേഷിയുള്ള "ബുദ്ധിജീവികൾ" കുറവല്ല. അവർ ആ നിയോഗം നന്നായി നിർവ്വഹിച്ചു കൊള്ളും. ഒപ്പിടാൻ സംഘപരിവാർ ഭൂതകാലമുള്ള രാം നാഥ് കോവിന്ദ് എന്ന ഇന്ത്യൻ പ്രസിഡന്റിന് യാതൊരു ശങ്കയും ഉണ്ടാകില്ല എന്നുറപ്പ്. ഹിറ്റ്ലറിൽ നിന്ന് ഫാഷിസത്തിന്റെ പാഠങ്ങൾ നല്ലപോലെ ഉൾക്കൊണ്ടിട്ടുള്ളവരാണല്ലോ,രാജ്യത്തെ മർമപ്രധാനമായ സ്ഥാനങ്ങളിൽ ഉപവിഷ്ഠരായിരിക്കുന്നത്? ഇന്ദിരാ ഗാന്ധിയുടെ കുപ്രസിദ്ധമായ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൽ അർധരാത്രിക്ക് ഒപ്പു വയ്‌ക്കേണ്ടി വന്ന ഫക്രുദീൻ അലി അഹമ്മദിൽ നിന്ന് രാം നാഥ് കോവിന്ദിലേക്കുള്ള ദൂരം മതേതരത്വമെന്ന വാക്കിന് താരതമ്യേന സ്വീകാര്യത ഉണ്ടായിരുന്ന ഒരു കാലത്തിൽനിന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രം മേൽക്കൈ നേടിയിട്ടുള്ള ഇന്നിലേക്കുള്ള ദൂരം തന്നെയാണ്.

അത്തരമൊരു സാഹചര്യത്തിലാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഏകകണ്ഠമായ "സ്വകാര്യത എന്ന മൗലികാവകാശം" സംബന്ധിച്ച വിധി ഏറെ പ്രസക്തമാകുന്നത്. വിധിയെ സ്വാഗതം ചെയ്യുന്ന പ്രബുദ്ധരായ ഇന്ത്യക്കാരോട് ജനാവിഷ്കാര ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

About author

ജനാവിഷ്കാര ചീഫ് എഡിറ്റർ. ബോം ബെ ഫ്രീ പ്രസ്‌ ജേര്‍ണല്‍, ബംഗളൂര്‍ ടൈംസ്‌ ഓഫ്  ഡക്കാന്‍,  മദ്രാസ്‌ ന്യൂസ്‌ ടുഡേ, അഹമദാബാദ്, ബറോഡ, ചണ്ഡിഗഡ് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നിവിടങ്ങളില്‍ പത്രാധിപസമിതി അംഗം. അതിനു മുന്‍പ് ചിന്ത പബ്ലിഷേഴ്സ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സോഷ്യല്‍ സയന്‍ടിസ്റ്റ് പ്രസ്‌ എന്നിവയ്ക്ക് വേണ്ടി വിവര്‍ത്തകന്‍, രേഖാചിത്രകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാഞ്ച ഐലയ്യയുടെ God as Political Philosopher: Buddha's Challenge to Brahminism മുതല്‍ എറിക് ഹോബ്സ്ബോമിന്റെ How  to Change the World: Tales of Marx and Marxism വരെ 54 പുസ്തകങ്ങളുടെ വിവര്‍ത്തനം.