"റെഡ് സല്യൂട്ട് സഖാവ് പിണറായി വിജയൻ"- പി കെ ശിവദാസ് എഴുതുന്നു...

pinarayi vijayan


ഇന്ന് കേരളാ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ വീണ്ടും ലാവ്‌ലിൻ കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട വിധി പ്രസ്താവം വന്നു. ഹൈകോടതിയിൽ സിബിഐ സമർപ്പിച്ച ഹരജിയിൽ വാദം കേട്ട ജസ്റ്റിസ് പി.ഉബൈദിന്റെ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. രാഷ്ട്രീയ ദുഷ്‌ലാക്കോടെയാണ് സിബിഐ കോടതി  തന്നെ നേരത്തെ കുറ്റവിമുക്തനാക്കിയ  സഖാവിനെതിരെ വീണ്ടും സിബിഐ ഹൈക്കോടതിയെ സമീപിച്ചതെന്ന് അരിഭക്ഷണം കഴിക്കുന്ന ഏവർക്കും മനസ്സിലാകും. ഒരു വശത്തു കേരളത്തെ ഇടതു ഭീകരതയുടെ ഇടനാഴിയെന്നു മുദ്ര കുത്തി ഇവിടെ ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനെ ഏതു വിധേനെയും അട്ടിമറിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ. മറ്റൊരു വശത്തു അങ്ങനെ മുദ്ര കുത്താൻ വേണ്ട അന്തരീക്ഷമൊരുക്കുന്ന ആർ എസ് എസ് അക്രമ പരമ്പര.ഇതിനിടെ നേരിട്ടൊരു രാഷ്ട്രീയ പോരാട്ടത്തിന് ഓജസ്സില്ലാത്ത കോൺഗ്രസ്സാദി പാർട്ടികളുടെ ഗ്വാ ഗ്വാ വിളികൾ. രണ്ടു മുട്ടനാടുകൾ തമ്മിലിടിക്കുമ്പോൾ ചിന്തുന്ന ചോര നുണയാൻ കാത്തിരുന്ന് സ്വയം ചതഞ്ഞ ചെന്നായയുടെ കഥ യു ഡി എഫുകാർക്ക് - വിശിഷ്യാ ശ്രീമാന്മാർ രമേശ് ചെന്നിത്തല , യുവതുർക്കിയായി സ്വയം കാണുന്ന വി ടി ബൽറാം, ഇത്യാദി വ്യക്തികൾക്ക് - ആരെങ്കിലും ഒന്ന് ഓർമിപ്പിച്ചു കൊടുക്കേണ്ടതാണ്.

സഖാവ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറയുന്നില്ല.(സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കിയ ഘട്ടത്തിൽ ജനാവിഷ്കാര അത്തരമൊരു കണക്കെടുപ്പും പര്യവേഷണവും നടത്തിയിരുന്നത് ഓർക്കുമല്ലോ.) പകരം, ധനമന്ത്രി  സഖാവ് തോമസ് ഐസക്കിന്റെ ഇന്നത്തെ പോസ്റ്റിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. ഇന്ന് അദ്ദേഹത്തോടൊപ്പം  വാഷിങ്ടൺ പോസ്റ്റിന്റെ മുതിർന്ന ലേഖകരിൽ ഒരാളായ ഗ്രെഗ് ജെഫ് ഉണ്ടായിരുന്നു. ആലപ്പുഴയുടെ സഞ്ചരിച്ച സംഘത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ രാജീവ് രാമചന്ദ്രനുണ്ടായിരുന്നു. സഖാവ് ഐസക് അപ്പോൾ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ പേര് "A Village Against the World " എന്നായിരുന്നു. കുടുംബശ്രീയടക്കം പലതരം ഇടപെടലുകൾ നേരിട്ട് ബോധ്യപ്പെട്ട വാഷിങ്ടൺ പോസ്റ്റ് ലേഖകൻ തിരിച്ചുപോയി എന്തെഴുതുമാവോ? "Kerala Against the World " എന്ന തലക്കെട്ടിൽ അദ്ദേഹം ഒരു ലേഖന പരമ്പര എഴുതിയാൽ അത്ഭുതപ്പെടാനില്ല എന്ന് സഖാവ് ഐസക് എഴുതിയത് വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് സഖാവ് ഇ എം എസ് മന്ത്രിസഭക്കെതിരെ റിപ്പോർട്ട് തയ്യാറാക്കുക എന്ന ദൗത്യവുമായി ഇന്ദിരാ ഗാന്ധിയുടെ സമ്മർദ്ദത്തിന് വഴങ്ങി ജവഹർ ലാൽ നെഹ്‌റു കേരളത്തിലേക്ക് പറഞ്ഞയച്ച എച് ഡി മാളവ്യയുടെ അവസ്ഥയാണ്. "മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ട ഒട്ടേറെ പ്രവർത്തനങ്ങളാണ് കേരളാ സർക്കാർ നടത്തി വരുന്നത്"എന്നും "ഈ സർക്കാരിനെ പിരിച്ചുവിടാൻ ഒരു കാരണവും ഞാൻ കാണുന്നില്ല "എന്നും റിപ്പോർട്ട് ചെയ്യേണ്ടി വന്നു , മാളവ്യക്ക്. എന്നിട്ടും കേരളാ സർക്കാർ പിരിച്ചുവിടപ്പെട്ടു എന്നത് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ ചരിത്രത്തിലെ ഒരു കറുത്ത അധ്യായം.

ഏതായാലും ജനാധിപത്യത്തിന്റെ കാവലാളായി എന്നും ഇടതുപക്ഷം, വിശിഷ്യ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഉണ്ടാവും എന്ന് ഉറച്ചു പറയേണ്ട സമയമാണിത്. സി പി ഐ അടക്കമുള്ള എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഐക്യത്തിന് സി പി ഐ എം അല്ലാതെ മറ്റേതൊരു സംഘടനായാണ് മുൻകൈ എടുക്കേണ്ടത്? വളരുകയും പടരുകയും ചെയ്യുന്ന ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ നാമിപ്പോഴും പ്രതിരോധത്തിലാണ്. ഈ പ്രതിരോധം ഉപരോധമാക്കി മാറ്റേണ്ടുന്ന സമയം ആസന്നമായിരിക്കുന്നു.ഫാസിസത്തിനെതിരായ വിശാല ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിൽ എല്ലാ ഭാഗത്തു നിന്നും നിർലോപമായ വിട്ടുവീഴ്ചകൾ വേണ്ടി വരും. സുജന മര്യാദയോടെ, പ്രത്യയശാസ്ത്രപരമായ വിവേകബോധത്തോടെ, നാം നിലപാടുകൾ പുനഃ പരിശോധിക്കേണ്ടി വരും. സ: പിണറായി വിജയനെ പോലൊരു നേതാവിന് ഈ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കു വഹിക്കാനാകും എന്ന് ജനാവിഷ്കാര വിശ്വസിക്കുന്നു.

About author

ജനാവിഷ്കാര ചീഫ് എഡിറ്റർ. ബോം ബെ ഫ്രീ പ്രസ്‌ ജേര്‍ണല്‍, ബംഗളൂര്‍ ടൈംസ്‌ ഓഫ്  ഡക്കാന്‍,  മദ്രാസ്‌ ന്യൂസ്‌ ടുഡേ, അഹമദാബാദ്, ബറോഡ, ചണ്ഡിഗഡ് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നിവിടങ്ങളില്‍ പത്രാധിപസമിതി അംഗം. അതിനു മുന്‍പ് ചിന്ത പബ്ലിഷേഴ്സ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സോഷ്യല്‍ സയന്‍ടിസ്റ്റ് പ്രസ്‌ എന്നിവയ്ക്ക് വേണ്ടി വിവര്‍ത്തകന്‍, രേഖാചിത്രകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാഞ്ച ഐലയ്യയുടെ God as Political Philosopher: Buddha's Challenge to Brahminism മുതല്‍ എറിക് ഹോബ്സ്ബോമിന്റെ How  to Change the World: Tales of Marx and Marxism വരെ 54 പുസ്തകങ്ങളുടെ വിവര്‍ത്തനം.