ബന്ധങ്ങൾ - ഖാദർ പട്ടേപ്പാടം

bandhangal

പരിസരക്കാഴ്ച എന്നപേരിൽ താഴെ കാണുംവിധമുള്ള ചെറുകുറിപ്പുകൾ ഇതേതുടർന്ന് ജനാവിഷ്കാരയിൽ ഉൾകൊള്ളിക്കാൻ ആഗ്രഹിക്കുന്നു. കണ്ണുകൊണ്ടും കരളുകൊണ്ടുമുള്ള ഇത്തരം കാഴ്ചകളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ. അയക്കേണ്ട മെയിൽ വിലാസം [email protected]

ഞാനാ കുട്ടികളെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു. രണ്ടു പെൺകുട്ടികൾ. ഒന്നിനു് എട്ടു വയസ്സ് കാണും. മറ്റേതിനു് അഞ്ച് വയസ്സും. നല്ല ഓമനത്തമുള്ള കുട്ടികൾ. ഏതോ ഭേദപ്പേട്ട വീട്ടിലേതാണെന്ന് തോന്നിച്ചിരുന്നു. അവർ മുകളിലെ നിലയിലെ വക്കീലാപ്പീസിന്റെ ബാല്ക്കണിയുടെ കൈവരികളിൽ ചാരിനിന്നു് പുറത്തെ കാഴ്ചകൾ കാണുകയാണു്. നിറുത്താതെ വർത്തമാനം പറയുന്നുമുണ്ട്. താഴെ റോഡിലൂടെ ഓരോ കാർ വരുമ്പോഴും അവർ ആകാംക്ഷയോടെ നോക്കും. അവർ കാറിൽ ആരോ വന്നിറങ്ങുന്നത് പ്രതീക്ഷിക്കുന്നുണ്ട്. കാത്തിരിക്കുന്ന ആൾ അല്ല കാറിൽ എന്ന് അറിയുമ്പോൾ അവരുടെ മുഖം വാടുന്നു. വീണ്ടും അടുത്ത കാറിനായി പ്രതീക്ഷകളോടെ അവർ കണ്ണൂകൾ ചിമ്മാതെ തുറന്ന് വയ്ക്കുന്നു.

ആ കുട്ടികളെത്തന്നെ നോക്കിയിരിക്കുന്നതിൽ എനിക്ക് വല്ലാത്ത ആനന്ദം തോന്നി. അവരുടെ നിറുത്താതെയുള്ള വർത്തമാനം പറച്ചിലും സ്നേഹവും പ്രതീക്ഷയും കുസൃതിച്ചിരിയുമെല്ലാം കണ്ട് എത്ര നേരം അങ്ങനെ ഇരുന്നു എന്നറിഞ്ഞില്ല. എന്റെ സുഹൃത്തായ വക്കീൽ വന്നു് തോളിൽ തട്ടിയപ്പോഴാണു് ഞാൻ അവരിൽ നിന്നും കണ്ണുകൾ പിൻ വലിച്ചത്.
സുഹൃത്ത് ചോദിച്ചു.
“ നീ ഇവിടെ ഇരിക്കുകയായിരുന്നോ...എന്തേ അകത്തേക്ക് വരാതിരുന്നത്..?” 
“നീ അവിടെ കക്ഷികളുമായി സംസാരിക്കുകയായിരുന്നല്ലൊ. പിന്നെ എനിക്ക് ഇവിടെ ആ കുട്ടികൾ നല്ല നേരമ്പോക്കും തന്നു”

“ നിനക്ക് നേരം പോക്ക്. കുഞ്ഞുങ്ങളാണെങ്കിലും അവരുടെ മനസ്സിലെ വേവും വിതുമ്പലും നീ അറിയുന്നുണ്ടോ....? ....അതറിയണമെങ്കിൽ നീ അതാ അങ്ങോട്ട് നോക്ക്.. 

അവൻ കൈചൂണ്ടിയേടത്തേക്ക് ഞാൻ നോക്കി. അവിടെ ഒരു ബഞ്ചിൽ ചുരുണ്ടുകൂടി ഒരു സ്ത്രീയിരിക്കുന്നു. ഒരു മുപ്പത് വയസ്സ് പ്രായം  തോന്നിക്കും. വാടിപ്പോയ മുല്ലമൊട്ട് പോലെയുണ്ട് അവരുടെ മുഖം. അവർ വെളുത്ത സാരിത്തലപ്പ് തലയിലൂടെ മറച്ച് ഒരു കൈ നെറ്റിയിൽ താങ്ങി അങ്ങനെ താഴോട്ട് നോക്കി ഇരിക്കുകയാണു്. 
 
കാര്യം എന്തെന്നറിയാൻ ഞാൻ  സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി. 
അവൻ പറഞ്ഞു 
നീ വാ...  
അവൻ എന്നെ അവന്റെ കാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു തുടങ്ങി.
“ആ സ്ത്രീ ഖൈറുന്നിസ.  നിനക്ക് കൗതുകം പകർന്നുതന്ന കുട്ടികളുടെ ഉമ്മയാണു്. തലാഖ് ചൊല്ലപ്പെട്ടവൾ. അവൾ ജീവനാംശത്തിനു കേസ് കൊടുത്തിരിക്കുകയാണു്. ഇന്ന് വിസ്താരമുണ്ട്. അയാൾ വരും, അവളുടെ മുൻ ഭർത്താവ്. കുട്ടികൾ അവരുടെ ബാപ്പ കാറിൽ വന്നിറങ്ങുന്നതും നോക്കിയാണു് അവിടെ അങ്ങനെ നില്ക്കുന്നത്.  
ഞാൻ ആകെ വല്ലാതെയായി. മനസ്സിനൊരു കടച്ചിൽ. ഇന്നത്തെ ദിവസം നീറ്റലായി മാറുകയണോ...? 

ഞാൻ വക്കീൽ സുഹൃത്തിനോട് ചോദിച്ചു 
എന്തൊരു കഷ്ടമാണല്ലേ... പൂ വാടിയപോലൊരു പെണ്ണു്. കുസൃതിക്കുരുന്നുകളായ രണ്ട് കുഞ്ഞുങ്ങൾ... എങ്ങനെ മനസ്സ് വന്നു അയാൾക്ക് ഇവരെ ഒഴിവാക്കാൻ ...?  

വക്കീൽ സുഹൃത്ത് പറഞ്ഞു  
നല്ലോരു വീട്ടിലെ പെൺകുട്ടിയാണു്. അയാൾ പട്ടണത്തിലെ മികച്ച ഒരു ബിസിനസ്സുകാരൻ. വളരെ സന്തോഷത്തിലും സ്നേഹത്തിലുമൊക്കെയായിരുന്നു ജീവിതം. സാമാന്യം തരക്കേടില്ലാത്ത ഒരു വീട്ടിലായിരുന്നു താമസം. എന്നും വളരെ സന്തോഷത്തോടെ മാത്രമേ ഞങ്ങൾ പട്ടണവാസികൾ ആ കുടുംബത്തെ കണ്ടിട്ടുള്ളൂ. കുഞ്ഞുങ്ങളും ഭാര്യയുമൊക്കെയായി സവാരി ചെയ്യുന്നത് അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. എപ്പോഴും കണാം അവരുടെ യാത്ര. അന്നേരം റോഡിലൂടെ പോകുന്നവരോടൊക്കെ കാറിലിരുന്നു് കുട്ടികൾ കൈവീശി ഉൽസാഹം പ്രകടിപ്പിക്കുമായിരുന്നു. 

വളരെ പെട്ടെന്നാണു് എല്ലാം തകിടം മറിഞ്ഞത്. ഒരു ദിവസം അയാൾ രാവിലെ വീട്ടിൽ നിന്നും ബിസിനസ്സ് സ്ഥാപനത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയതാണു്. പിന്നെ  ദിവസങ്ങളായിട്ടും  തിരികെ വന്നില്ല. മൂന്നുനാലു ദിവസം കഴിഞ്ഞപ്പോൾ ആ യുവതിക്കൊരു രജിസ്റ്റ്രേഡ് കത്തുകിട്ടി. അതിൽ ഒരേ ഒരു വാചകം 
“ എന്റെ ഭാര്യ ഖൈറുന്നിസ എന്ന നിന്നെ ഞാൻ മൂന്നു മൊഴിയും ചൊല്ലി ബന്ധം വേർപ്പെടുത്തിയിരിക്കുന്നു.” 

അന്നേരം ഊതിയ കൊടുംകാറ്റിൽ ഖൈറുന്നിസ മറിഞ്ഞുവീണു. കാര്യമെന്തെന്നറിയാതെ കുട്ടികൾ പകച്ച് ഉമ്മയുടെമേൽ പറ്റിക്കിടന്നു. 

രണ്ടു ദിവസംകൂടി കഴിഞ്ഞപ്പോൾ അയാളുടെ കറുത്ത കാർ വീട്ടുമുറ്റത്ത് വന്നുനിന്നു.ഡോർ തുറന്ന് അയാൾ ഇറങ്ങി, പിന്നാലെ മറ്റൊരു സ്ത്രീയും. 

ഖൈറുന്നിസയേയും കുട്ടികളേയും അവളുടെ ആങ്ങളമാർ വന്നു കൂട്ടിക്കൊണ്ടുപോയി. അവിടെ ആങ്ങളമാരുടെ ഭാര്യമാർ അവരെ സ്വീകരിച്ചു. സഹതാപം ചൊരിഞ്ഞു. പിന്നെ പിന്നെ സഹതാപം നീരസമായി മാറി. ആ പാവം സ്ത്രീയും കുഞ്ഞുങ്ങളും നിലയില്ലാ  കയത്തിലാണിന്ന്. അങ്ങനെയാണവൾ ജീവനാംശത്തിനു കേസ് കൊടുത്തിരിക്കുന്നത്‌.... 

വക്കീൽ സുഹൃത്ത് പറഞ്ഞുനിറുത്തിയപ്പോൾ ഇന്നിങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി.കേട്ടത് കഥയല്ല, ജീവിതമാണു്.  കഥാപാത്രങ്ങൾ സാങ്കല്പികങ്ങളല്ല, മുന്നിലിരിക്കുന്നവരാണു്. ഇന്നിനി മനസ്സ്  സ്വസ്ഥമാവുകയില്ല 

എങ്കിലും ഞാൻ വക്കീൽ സുഹൃത്തിനോട് ഒന്നുകൂടി ചോദിച്ചു. 
“വിവാഹമോചനത്തിനു് അയാൾ എന്തെങ്കിലും കാരണങ്ങൾ പറയുന്നുണ്ടോ...?
അയാൾക്ക് അതിനൊരു കാരണമുണ്ട്. വല്ലാത്തൊരു കാരണം. ഖൈറുന്നിസയ്ക്ക് തൈറോഡ്  സംബന്ധമായ  രോഗം പിടിപെട്ടു. ഒരു സർജറിയൊക്കെ വേണ്ടിവന്നു. ദിവസവും ഗുളിക കഴിക്കണം.ക്രമേണ അവളുടെ രതി ഉണർവ്വുകൾക്ക്  ഇടിവ് നേരിട്ടു. അതുതന്നെ കാരണം.

പിന്നെ ഞാനൊന്നും ചോദിച്ചില്ല.കൂടുതലായി എനിക്കൊന്നും അറിയാനുണ്ടായിരുന്നില്ല.സുഹൃത്തിനോട് യാത്ര പറഞ്ഞ് കാബിനിൽ നിന്നും ഇറങ്ങി. അപ്പോഴും ഖൈറുന്നിസ അങ്ങനെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. കുട്ടികൾ രണ്ടും വർത്തമാനം പറഞ്ഞ് ബാപ്പയുടെ കാറിനുവേണ്ടി കണ്ണുകൾ പരതി  നില്ക്കുകയാണു് .ചെരിഞ്ഞു വീഴുന്ന വെയിൽ നാളങ്ങൾ അവരെ ചൂടണിയിക്കുന്നുണ്ട്. എന്നിട്ടും അവർ അവിടെ നിന്നും മാറുന്നില്ല. 

 

ഖൈറുന്നിസയുടെ   മുഖത്തുനോക്കാൻ  എനിക്ക് ആവുമായിരുന്നില്ല. കുട്ടികൾക്ക് കുറച്ചകലെയായി ഞാനല്പനേരം അവരെത്തന്നെ നോക്കിനിന്നു.കുറച്ചു കഴിഞ്ഞപ്പോൾ താഴെ റോഡിലൊരു കറുത്ത കാർ വന്ന് വശമൊതുക്കി നിന്നു. കുട്ടികളുടെ കണ്ണുകൾ വിടർന്നു.അവർ കൈകൊട്ടി മതിമറന്ന് തുള്ളിച്ചാടി.അത് അവരുടെ ബാപ്പയുടെ കാറായിരുന്നു. കാറിൽ നിന്നിറങ്ങിയാൽ ബാപ്പയുടെ കണ്ണുകൾ മുകളിലേക്ക് ഉയർന്ന് വന്ന് തങ്ങളെ തിരയുമെന്നും കാണുമ്പോൾ ഓടിവന്നു തങ്ങളെ പുല്കുമെന്നും കൈയിൽ കരുതിയ മിഠായിപ്പൊതികൾ തങ്ങൾക്ക് നീട്ടുമെന്നും ഒക്കെ അവർ പ്രതീക്ഷിച്ചുകാണും. പക്ഷെ ഒന്നുമുണ്ടായില്ല.കാറിലുണ്ടായിരുന്ന സ്ത്രീയെ അവിടത്തന്നെയിരുത്തി അയാൾ ഡോർ തുറന്നിറങ്ങി എതിർവശത്തെ കെട്ടിടത്തിലെ അയാളുടെ വക്കീലാപ്പീസിലേക്ക് ധൃതിയിൽ കോവണികയറിപ്പോയി. കുട്ടികളുടെ മുഖങ്ങളിൽ പെട്ടെന്ന് കരിനിഴൽ വീണു. അവരുടെ ഉൽസാഹമെല്ലാം പെട്ടെന്ന് ഒലിച്ചുപോയി.  ഇളയതിന്റെ ചുണ്ടുകൾ വിറകൊണ്ട് തുടങ്ങിയിരുന്നു. കുറച്ചുനേരം കുട്ടികൾ രണ്ടുപേരും ഒന്നും മിണ്ടാനാകാതെ സ്തബ്ധിച്ചു നിന്നു. 
 
വീണ്ടും അവരുടെ കണ്ണുകൾ ആ കറുത്ത കാറിന്മേൽ തന്നെ ഉടക്കിനിന്നു. ബാപ്പയുടെ വാൽസല്യങ്ങൾക്കും അവരുടെ ആഹ്ളാദാരവങ്ങൾക്കും എന്നും നിറം പകർന്നിരുന്ന ഇടമായിരുന്നല്ലൊ അതിനകം. 

 ഇളയവൾ  കണ്ണുകൾ പിൻ വലിച്ച് ഇത്താത്തയെ നോക്കി. എന്നിട്ട്     ഒരു  വരണ്ട ചിരിക്ക് ശ്രമം നടത്തി. 
 പിന്നെ  ഇത്താത്തയുടെ കാതിൽ   വളരെ പതുക്കെ  അവൾ അടക്കം പറഞ്ഞു   
“ ഇത്താത്ത, നമ്മുടെ ബാപ്പാടെ കാറിലിപ്പോൾ എന്തു തണുപ്പായിരിക്കും ല്ലേ.. 
അതിലിരിക്കുന്ന പുതിയ ഉമ്മാക്ക് എന്തു സുഖാരിക്കും ല്ലേ...?!” 
khader
ഖാദർ പട്ടേപ്പാടം

About author