ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ്...

ജനാവിഷ്കാര എന്നൊരു പുതിയ വെബ് വേദി രൂപപ്പെട്ടുവരികയാണ്. സംഘംചേര്‍ന്നുള്ള സ്വത്വവികസനം (collective self-development) എന്നതാണ് ജനാവിഷ്കാരയുടെ മുഖ്യലക്ഷ്യം. സമൂഹത്തെ ചെറുസംഘങ്ങളാക്കി വിഭജിക്കുക, ഈ സംഘങ്ങളെ ഒറ്റപ്പെട്ടതും ഭാഗികവുമായ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുക, അതോടെ അവ കൂടിച്ചേരാനുള്ള സാധ്യത ഇല്ലാതാക്കുക, അധീശശക്തിയോട് പോരാടാനോ വ്യവഹരിക്കാനോ കരാറുണ്ടാക്കാനോ ശേഷി ഇല്ലാതാക്കുക, അങ്ങനെ ഒരേ ശത്രുവിനെതിരെ-കോര്‍പറേറ്റ് മൂലധനത്തിനെതിരെ- പോരാടേണ്ടുന്ന ഒരേ വര്‍ഗത്തെത്തന്നെ പലതായിതിരിച്ച് ആ അന്തഃഛിദ്രം സ്വതാല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി പ്രയോഗിക്കുക- ഇതാണ് പൊതുവെ വികസിതമുതലാളിത്തത്തിന്റെ തന്ത്രം. ഈ തന്ത്രത്തെ ചെറുക്കാനും സ്വന്തം ആവിഷ്കാരങ്ങളുടെ പ്രകാശനത്തിലൂടെ സ്വയം ശക്തിനേടാനും ജനങ്ങളെ പ്രാപ്തരാക്കുന്നതില്‍ മുഴുകിയിരിക്കുന്ന ഇടതുപക്ഷരാഷ്ട്രീയത്തോടൊപ്പം നില്‍ക്കുക എന്നതാണ് ജനാവിഷ്കാരയുടെ രാഷ്ട്രീയം. അതുകൊണ്ട് സംഘംചേര്‍ന്നുള്ള സ്വത്വവികസനമാണ്, സ്വത്വം പറഞ്ഞുള്ള വിഭജിതാവസ്ഥയല്ല, ജനാവിഷ്കാരയുടെ ലക്ഷ്യമാകുന്നത്. സ്വത്വത്തിന്റെ വര്‍ഗപരമായ ഉള്ളടക്കം ചോര്‍ത്തിക്കളയുന്ന രീതി ഇന്‍റര്‍നെറ്റ് അടക്കമുള്ള നവമാധ്യമങ്ങളില്‍ അന്തര്‍ലീനമാണ്. ഇതൊരു വസ്തുതയാണ്. ഇതിനെതിരെ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. പക്ഷെ, നെറ്റില്‍ ഇപ്പോഴും പല കാരണങ്ങളാലും താരതമ്യേന സ്വതന്ത്രമായ മേഖലകളും താരതമ്യേന അരാജകമായ ഇടങ്ങളും ഉണ്ട്. വരുമാനമാനേജ്മെന്‍റിന്റെ വ്യവസ്ഥകള്‍ വേണ്ടപോലെ വൃത്തിയായി രൂപവത്കരിക്കാന്‍ ഈ രംഗം അടക്കിവാഴുന്ന കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ആപേക്ഷികസ്വാതന്ത്ര്യത്തിന്റെ അത്തരം ഇടങ്ങള്‍ നിലനില്‍ക്കുന്നത്. ആ ഇടങ്ങളെ സംരക്ഷിക്കുക, കഴിയുന്നത്ര വികസ്വരമാക്കുക എന്ന ലക്ഷ്യത്തോടെ പി.സായ്നാഥിന്റെ People’s Archives for Rural India (പാരി) പോലുള്ള സംരംഭങ്ങള്‍ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജനാവിഷ്കാര അവയുടെ ജൈവികമായ തുടര്‍ച്ചയാണ്. പാഠത്തിന്റെ ‘ആധികാരികത’യ്ക്കുമേല്‍ ‘വാമൊഴി’ക്കോ ‘ചിത്രമൊഴി’ക്കോ ഉള്ള പ്രാമാണ്യത്തെ സ്ഥാപിക്കലല്ല, മറിച്ച്, രണ്ടുംതമ്മിലുള്ള പാരസ്പര്യത്തെ ഉപയോഗപ്പെടുത്തി ആവിഷ്കാരങ്ങളുടെതന്നെ ദ്വന്ദ്വാത്മകതയെ പ്രകാശിപ്പിക്കലാണ് ജനാവിഷ്കാര അതിന്റെ രീതിയായി കൈക്കൊള്ളുന്നത്.

ചിന്തയുടെ നിയന്ത്രണം, വക്രമായ ഉപയോഗം എന്നിവയ്ക്കുമേല്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് അതിഭീമമായ അധീശത്വമാണ് ഉള്ളത് എന്ന് ചൂണ്ടിക്കാട്ടിയത് നോം ചോംസ്കിയാണ്. ഈ തന്ത്രങ്ങളുടെ പ്രത്യാഘാതങ്ങളില്‍നിന്ന് സ്വയം രക്ഷിക്കാന്‍ ബൌദ്ധികമായ ആത്മപ്രതിരോധത്തിന് സ്ഥിരമായി തയ്യാറെടുത്തു പെരുമാറുക എന്നത് കേവലം ബുദ്ധിജീവികളുടെ കടമമാത്രമല്ല, ജനങ്ങളുടെ ആവശ്യംതന്നെയാണ്. പാഠവും വിവരവും ശബ്ദവും ബിംബങ്ങളും ഒരേസമയം ഒരൊറ്റ ഉല്‍പ്പന്നത്തിലൂടെ പ്രക്ഷേപണം ചെയ്യാന്‍ കഴിവുള്ള സാങ്കേതികവിദ്യയുടെ വികാസത്തോടെ ചരിത്രം ഒരൊറ്റ സമയത്തില്‍ ചുരുള്‍നിവര്‍ത്താനുള്ള ശേഷി നേടുകയാണ്-ലോകസമയം. ഇന്ത്യന്‍ സാഹചര്യത്തില്‍ മതവും പ്രതീതിലോകവ്യവഹാരങ്ങളും കൂടിച്ചേര്‍ന്ന് മതിഭ്രമാത്മകമായ ഒരു അതീതയാഥാര്‍ഥ്യം കപടമായി സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍, സത്യമറിയുന്ന ജനങ്ങള്‍ക്ക് അത് വിളിച്ചുപറയാനുള്ള വേദിയില്ലെങ്കില്‍! സംഭവിക്കുക മറ്റൊന്നുമല്ല; സാമ്പത്തികരംഗത്ത് കോര്‍പറേറ്റിസവും സംസ്കാരത്തിന്റെ മണ്ഡലത്തില്‍ മതസങ്കുചിതത്വവും ജനതാല്‍പ്പര്യങ്ങളെ ഉന്മൂലനംചെയ്യും.

അതുകൊണ്ടാണ്, സത്യമറിയുന്ന ജനങ്ങള്‍ക്ക് അത് വിളിച്ചുപറയാനുള്ള വേദിയായി ജനാവിഷ്കാര പ്രവര്‍ത്തിക്കണം എന്ന് ഞങ്ങള്‍ നിശ്ചയിച്ചത്. ഞങ്ങള്‍ ജനങ്ങളുടെ ആവിഷ്കാരങ്ങള്‍ എന്നു പറയുന്നത് വിശാലമായ അര്‍ഥത്തിലാണ് എന്നുകൂടി വ്യക്തമാക്കട്ടെ.

കഥപറച്ചില്‍ എന്ന ജൈവകല അവസാനിച്ചിടത്താണ് കോപ്പിറൈറ്റിംഗ് അഥവാ വാര്‍ത്തയെഴുത്ത് എന്ന യാന്ത്രികപദ്ധതി തുടങ്ങുന്നത്. ഒരുതരത്തില്‍ ഇതിന് നിലവിലുണ്ടായിരുന്ന സാമ്പത്തികക്രമവും അതിന്റെ ചലനങ്ങളുമായി ബന്ധമുണ്ട്. മനുഷ്യാധ്വാനം മുഖ്യ ഉത്പാദനശക്തിയായിരുന്ന ഫ്യൂഡല്‍കാലത്തില്‍നിന്ന് യന്ത്രപ്രധാനമായ ഉത്പാദനരീതിയിലേയ്ക്കുള്ള സംതരണത്തെയാണ് ഞാന്‍ സൂചിപ്പിക്കുന്നത്. മുതലാളിത്തത്തിന്റെ കോയ്മയ്ക്ക് ആഴവും പരപ്പും കൂടിയമുറയ്ക്ക് യന്ത്രങ്ങളുടെ പരിഷ്കാരവും കൂടുതല്‍കൂടുതല്‍ സൂക്ഷ്മത ആര്‍ജിച്ചു. അങ്ങനെ മുതലാളിത്തത്തിന്റെ കപടാവബോധത്തിന്, അതിന്റെ കമ്പോളതന്ത്രങ്ങള്‍ക്ക് ജനങ്ങളുടെമേല്‍ അധീശത്വം ഉറപ്പിക്കാനുള്ള പലതരം സാമഗ്രികളില്‍ ഒന്നായിട്ടാണ് മാധ്യമലോകവും വികസിച്ചത്. പട്ടാളം, പോലീസ്, ജയില്‍ തുടങ്ങിയ ഭരണകൂട മര്‍ദ്ദനോപകരണങ്ങള്‍ പ്രത്യക്ഷമര്‍ദ്ദനം നടത്തുമ്പോള്‍ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനുള്ള ഒരു ഉപകരണമായിത്തന്നെയാണ് ഇന്‍റര്‍നെറ്റും ഉത്ഭവംകൊള്ളുന്നത്. ഈ പ്രത്യയശാസ്ത്രവ്യാപനത്തിനെതിരെ പ്രതിരോധം ചമയ്ക്കുക എന്നത് ഭൌതികതയുടെ മണ്ഡലത്തില്‍ നടക്കേണ്ടുന്ന ഒരു പ്രവൃത്തിയാണ്, ധ്യാനാത്മകതയുടെ മേഖലയില്‍ നടക്കേണ്ടുന്ന ഒരമൂര്‍ത്തവ്യവഹാരമല്ല. ജനപക്ഷത്തുനിന്ന് അത്തരം പ്രതിരോധം നടത്താനുള്ള മൂര്‍ത്തമായ ഒരിടമായിട്ടാണ് ഞങ്ങള്‍ ജനാവിഷ്കാരയെ കാണുന്നത്.

മുമ്പുള്ള എല്ലാ മാധ്യമങ്ങളെയും വിഴുങ്ങി വളരുന്ന നവമാധ്യമങ്ങളിലൂടെ പ്രതിരോധത്തിന്റെയും ആഘോഷത്തിന്റെയും സമരത്തിന്റെയും സമരസപ്പെടലിന്റെയും വ്യാജരൂപങ്ങളാണ് കോര്‍പറേറ്റുകള്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രചാരണത്തിനെതിരെയുള്ള പ്രക്ഷോഭ-പ്രചാരണസ്ഥലമായി (agit-prop space) അതേ നവമാധ്യമങ്ങളിലെതന്നെ നടേ സൂചിപ്പിച്ച ആപേക്ഷികസ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഇടങ്ങള്‍ മാറ്റാനാണ് ജനാവിഷ്കാര ശ്രമിക്കുന്നത്. അതുകൊണ്ടാണ് തുടക്കംമുതലേ ജനങ്ങളുടെ നേര്‍പ്പേച്ചിന് ഇതുവരെ മാധ്യമങ്ങള്‍ നല്കാത്തത്ര ഇടം ജനാവിഷ്കാരയില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. സൈബറിടത്തിലെ തെരുവുകളില്‍ സഞ്ചരിക്കുകയും കലഹിക്കുകയും സ്നേഹിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന മനുഷ്യജീവിതങ്ങളിലെ നിത്യനൈമിത്തികതകള്‍ അടയാളപ്പെടുത്തണം; അതേസമയം അത്തരം വ്യവഹാരങ്ങളുടെ സ്ഥൂലാര്‍ഥങ്ങള്‍ അന്വേഷിച്ച് പരമാവധി വ്യക്തതയോടെ വിഷയസ്ഥാനത്തുനില്‍ക്കുന്ന (subject position) ജനങ്ങളെത്തന്നെ കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യണം. ഇങ്ങനെ ഒരു ഇരട്ടറോളാണ് ജനാവിഷ്കാരയ്ക്ക് നിര്‍വഹിക്കാനുള്ളത്. വിഭവങ്ങള്‍ കൂടെനില്ക്കുന്ന ഒരുകൂട്ടം പ്രതിഭാധനരായ ചെറുപ്പക്കാര്‍ മാത്രമാണ്. അതുകൊണ്ടുള്ള പരിമിതികള്‍ ഞങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്; പക്ഷെ, അവ ഞങ്ങളെ ഉലയ്ക്കുന്നില്ല. കാരണം, നല്ലൊരു ലോകം സ്വപ്നം കാണുകയും അതിനുവേണ്ടി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയുംചെയ്യുന്നവരാണ് ഒപ്പമുള്ളവര്‍ എല്ലാവരും. അവര്‍ ഓരോരുത്തരുടെയും ഒപ്പം അതേ ആര്‍ജ്ജവത്തോടെ നിരവധിപേരുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം. അതുമതി-കോര്‍പറേറ്റ് ശക്തികള്‍ക്കുവേണ്ടി “വ്യാജവിമോചനം” വാഗ്ദാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ “മനുഷ്യരുടെ കറുപ്പ്” എന്ന് മാര്‍ത്ത ഹാര്‍ന്നേക്കര്‍ വിശേഷിപ്പിക്കുന്ന സൈബറിടത്തിലെ മനുഷ്യരുടെ അയവും നനവും പടര്‍ത്താന്‍, അതുവഴി ജനാധിപത്യത്തിനുവേണ്ടി, മതാന്ധതയ്ക്കും മൂലധനത്തിന്റെ സമയനവീകരണത്തിനും എതിരായ പ്രക്ഷോഭ-പ്രചാരണങ്ങള്‍ ശക്തിപ്പെടുത്താന്‍. മനുഷ്യന്റെ ബഹുമാനങ്ങള്‍ (multiversality) വീണ്ടെടുക്കാനും ഏകമാനകീകരണശ്രമങ്ങളെ ചെറുക്കാനും ഉള്ള ഞങ്ങളുടെ ശ്രമത്തില്‍ പങ്കുചേരാന്‍ നിങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ ക്ഷണിക്കുന്നു. ജനാവിഷ്കാരയുടെ മേല്‍വിവരിച്ച പ്രഖ്യാപിതതത്വങ്ങളെ ഏതെങ്കിലും തരത്തില്‍ പ്രത്യക്ഷീകരിക്കാന്‍ ഉതകും എന്നു നിങ്ങള്‍ക്ക് തോന്നുന്ന പ്രായോഗിക ആശയങ്ങള്‍ ഞങ്ങളുമായി പങ്കുവെയ്ക്കുക.

  • ഞങ്ങള്‍ ഭാഷാവാദികളല്ല, എന്നാല്‍ ഭാഷാസ്നേഹികളാണ്.
  • ഞങ്ങള്‍ ചരിത്രത്തെയോ ശാസ്ത്രത്തെയോ മൂല്യനിരപേക്ഷമെന്ന് കാണുന്നില്ല. അതതു സന്ദര്‍ഭത്തിലെ മൂര്‍ത്തസാഹചര്യങ്ങളില്‍ കോയ്മപുലര്‍ത്തുന്ന അവബോധം ചരിത്രത്തിലും ശാസ്ത്രത്തിലും പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. അങ്ങനെ കോയ്മ പുലര്‍ത്തുന്ന അവബോധത്തെ അട്ടിമറിക്കാനുള്ള കരുക്കളും അതേസ്ഥലങ്ങളില്‍നിന്നുതന്നെ കണ്ടെടുക്കാനാവും എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
  • ഞങ്ങള്‍ ദളിതവാദികളോ സ്ത്രീവാദികളോ അല്ല. എന്നാല്‍ ദളിതരും സ്ത്രീകളും മറ്റു ചൂഷിതവിഭാഗങ്ങളെപ്പോലെ മര്‍ദ്ദിതരാണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ ദളിതര്‍ക്കും സ്ത്രീകള്‍ക്കുംനേരെ നടക്കുന്ന അധികമര്‍ദ്ദനങ്ങളെയും കാണുന്നുണ്ട്. അവയ്ക്കെതിരായുള്ള തനതുപ്രതിരോധങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു.
  • ഭിന്നമായ ലൈംഗികതെരഞ്ഞെടുപ്പുകള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ കരുതുന്നു. ആ സ്വാതന്ത്ര്യം പ്രയോഗിക്കുന്നവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കും.
  • ഞങ്ങള്‍ പരിസ്ഥിതിവാദികളല്ല. എന്നാല്‍, പുരോഗമനസങ്കല്‍പ്പങ്ങളിലെ കേന്ദ്രബിന്ദുവായി പരിസ്ഥിതി സുസ്ഥിരതയെ ഞങ്ങള്‍ കാണുന്നു. മനുഷ്യന്‍ ആ പരിസ്ഥിതിയിലെ ഒരംശംമാത്രമാണ് എന്നും ഞങ്ങള്‍ തിരിച്ചറിയുന്നു. അതേസമയം, മനുഷ്യനുംകൂടിചേര്‍ന്ന പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ചരിത്രപരവും ദ്വന്ദ്വാത്മകവുമായ ബന്ധത്തെ അടിസ്ഥാനമാക്കിയേ പരിസ്ഥിതിസംബന്ധമായ പ്രശ്നങ്ങളില്‍ കാഴ്ച്ചപ്പാട് രൂപവത്കരിക്കാനോ ഇടപെടാനോ കഴിയൂ എന്നും ഞങ്ങള്‍ തിരിച്ചറിയുന്നു.
  • ധനാഢ്യപ്രമത്തത, വര്‍ഗീയത എന്നിവയുടെ ഏതുതരം പ്രകടനങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നു.
  • സ്ഥൂലതലത്തിലുള്ള സുസ്ഥിര സാമ്പത്തികവികസനം സാധ്യമാക്കണം എന്ന തത്വത്തില്‍ ഉറച്ചുനില്ക്കുമ്പോള്‍തന്നെ സൂക്ഷ്മതലങ്ങളില്‍  നിരവധി സാമ്പത്തികവ്യവസ്ഥകള്‍ ഉണ്ടാകണമെന്നും അവ കഴിയുന്നത്ര സ്വയംസമ്പൂര്‍ണ്ണമായിരിക്കണമെന്നും ഞങ്ങള്‍ കരുതുന്നു. പടിപടിയായി കമ്പോളത്തില്‍നിന്ന് പിന്‍മാറി പുതിയ ഉത്പാദനബന്ധങ്ങളും രീതികളും വിതരണക്രമങ്ങളും സൃഷ്ടിച്ചുകൊണ്ടല്ലാതെ മുതലാളിത്തം ഒരുനാള്‍ താനെ അതിന്റെ ആന്തരികവൈവിധ്യങ്ങള്‍കൊണ്ട് തകര്‍ന്നുകൊള്ളും എന്നുകരുതുന്നത് ഒരു ഉട്ടോപ്യന്‍ മൌഢ്യമാകും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും വൈവിധ്യത്തെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും; എല്ലാതരത്തിലുമുള്ള ഏകസ്വഭാവീകരണശ്രമങ്ങളെ ഞങ്ങള്‍ എതിര്‍ക്കും.

പ്രശസ്ത കവിയും ജനാവിഷ്കാരയുടെ ഉപദേശകസമിതി അംഗവും ആയ സച്ചിദാനന്ദന്‍ എഴുതിയതാണ് ഈ കൂട്ടപ്പാട്ട്. ഞങ്ങളുടെ മാനിഫെസ്റ്റോ കവിതയില്‍ ആവിഷ്കരിച്ചത്. ഇതിനു ഈണം പകര്‍ന്നത് അന്നമനട ബാബുരാജ് ആണ്. പാടിയത് അദ്ദേഹത്തിന്റെ ശിഷ്യര്‍ അടങ്ങുന്ന ഒരു സംഘവും.

About author

ജനാവിഷ്കാര ചീഫ് എഡിറ്റർ. ബോം ബെ ഫ്രീ പ്രസ്‌ ജേര്‍ണല്‍, ബംഗളൂര്‍ ടൈംസ്‌ ഓഫ്  ഡക്കാന്‍,  മദ്രാസ്‌ ന്യൂസ്‌ ടുഡേ, അഹമദാബാദ്, ബറോഡ, ചണ്ഡിഗഡ് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നിവിടങ്ങളില്‍ പത്രാധിപസമിതി അംഗം. അതിനു മുന്‍പ് ചിന്ത പബ്ലിഷേഴ്സ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സോഷ്യല്‍ സയന്‍ടിസ്റ്റ് പ്രസ്‌ എന്നിവയ്ക്ക് വേണ്ടി വിവര്‍ത്തകന്‍, രേഖാചിത്രകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാഞ്ച ഐലയ്യയുടെ God as Political Philosopher: Buddha's Challenge to Brahminism മുതല്‍ എറിക് ഹോബ്സ്ബോമിന്റെ How  to Change the World: Tales of Marx and Marxism വരെ 54 പുസ്തകങ്ങളുടെ വിവര്‍ത്തനം.