ഡോ. വി സി ഹാരിസിന് ആദരാഞ്ജലി- ജി പി രാമചന്ദ്രൻ എഴുതുന്നു

vc harris

എണ്‍പതുകളുടെ അവസാനമാണോ അതോ തൊണ്ണൂറുകളുടെ തുടക്കത്തിലാണോ എന്ന് തിട്ടമില്ല, മണ്ണാര്‍ക്കാട്ട് നടന്ന, പതിമൂന്ന് ദിവസം നീണ്ടു നിന്ന ഒരു അപ്രീസിയേഷന്‍ ക്യാമ്പില്‍ വെച്ചാണ് ഡോക്ടര്‍ വി സി ഹാരിസിനെ ആദ്യമായി കാണുന്നത്. ജോണ്‍ ഏബ്രഹാം മരിച്ചിരുന്നു. ഒഡേസ ഇനി എങ്ങിനെ മുന്നോട്ടു പോകണമെന്ന് തീരുമാനിക്കുന്നതിനു കൂടി വേണ്ടിയായിരുന്നു ആ ക്യാമ്പ്. അമ്മദും ലോഹിതാക്ഷനും ഉണ്ടായിരുന്നു. ബഷീര്‍ മാഷാണ് മുഖ്യ സംഘാടകന്‍. പല അവ്യവസ്ഥകളുമുണ്ടായിരുന്നു. ഛലം ബെനുരാഗര്‍ അതിഥിയായി പങ്കെടുത്തിരുന്നു. ആനന്ദ് പട്‌വര്‍ദ്ധനും ആര്‍ വി രമണിയുമൊക്കെ ഉണ്ടായിരുന്നു എന്നാണോര്‍മ്മ. ബംഗ്ലാദേശില്‍ നിന്നുള്ള പ്രതിനിധികളുമുണ്ടായിരുന്നു. ജി എം യു പിസ്‌കൂളിലും പിന്നെ അവിടന്ന് പുറത്താക്കിയപ്പോള്‍ എതിര്‍വശത്തുള്ള മില്ലൗസിലും ആയിട്ടാണ് ക്ലാസുകള്‍ നടന്നത്. 16 എം എം അവിടെ തന്നെ കാണിച്ചു. 35 എം എം സിനിമകള്‍ കലാവതിയിലും. കൊലാബോതി എന്നായിരുന്നു ബംഗ്ലാദേശിലെ സുഹൃത്തുക്കള്‍ ഉച്ചരിച്ചിരുന്നത്.
മിക്ക ക്ലാസുകളും എടുത്തിരുന്നത് ഹാരിസ് മാഷായിരുന്നു. ഒഡേസയുടെ ചൈതന്യമായിരുന്ന ജനകീയത തുടിച്ചു നില്‌ക്കെ തന്നെ അക്കാദമിക് മികവും സൂക്ഷ്മതയും നിറഞ്ഞ ആ ക്ലാസുകള്‍, സിനിമയെ ഗൗരവമായി നോക്കിക്കാണുന്നതിന് എന്നെ പ്രേരിപ്പിച്ച അടിസ്ഥാന ചോദനകളായിരുന്നു എന്ന് ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്.
പിന്നീട് പല വേദികളിലും മേളകളിലും ഓപ്പണ്‍ ഫോറങ്ങളിലും അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗങ്ങളിലും നിരവധി അപ്രീസിയേഷന്‍ ക്യാമ്പുകളിലും ഞങ്ങളൊന്നിച്ചിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തെ അക്കാദമി ജിസിയിലായിരുന്നു ഞങ്ങളൊന്നിച്ചുണ്ടായിരുന്നത്. കെ ആര്‍ മോഹനേട്ടനായിരുന്നു ചെയര്‍മാന്‍. അദ്ദേഹവും അകാലത്ത് നമ്മെ വിട്ടു പോയി. ജിസിയിലെ മറ്റൊരു അംഗമായിരുന്ന മാവേലിക്കര രാമചന്ദ്രന്‍ എപ്പോഴും ഹാരിസ് മാഷുടെ അടുത്താണിരിക്കുക. മൂപ്പര്‍ക്ക് ചെവി തീരെ കേള്‍ക്കില്ല. യോഗത്തിന്റെ പ്രൊസീഡിംഗ്‌സ് ഇടക്കിടെ പുള്ളി ഹാരിസ് മാഷോട് ചോദിച്ചുകൊണ്ടിരിക്കും. യോഗനടപടികളിലിടപെടുന്നതിനു പകരം ചെവി കേള്‍ക്കാത്ത രാമചന്ദ്രന്‍ സാറിന് ദ്വിഭാഷിയായിരിക്കാനാണ് തന്റെ നിയോഗം എന്ന് ഹാരിസ് മാഷ് പറയുമായിരുന്നു. മാവേലിക്കര രാമചന്ദ്രനെയും പിന്നീടെപ്പോഴോ കാണാതായി. ആ ദുരൂഹത തുടരുന്നു.
ഓപ്പണ്‍ ഫോറങ്ങള്‍ കുറെ വര്‍ഷം മാഷ് തന്നെയായിരുന്നു നടത്തിയിരുന്നത്. റെജി എം ദാമോദരനും കൂട്ടിനുണ്ട്. അതിഥികളെ വിളിക്കലും സബ്ജക്ട് തിരഞ്ഞെടുക്കലും മോഡറേറ്റ് ചെയ്യലും എല്ലാം ഏറ്റെടുത്ത് ഓപ്പണ്‍ഫോറത്തെ ജനകീയതയിലും സമകാലികതയിലും ഏറെക്കാലം നിലനിര്‍ത്തിപ്പോന്നത് മാഷായിരുന്നു.
മാഷും ഉണ്ണികൃഷ്ണന്‍ ബി യും ചേര്‍ന്ന് എഡിറ്റു ചെയ്ത് ഡി സി ബുക്‌സിനു വേണ്ടി പുറത്തിറക്കിയ നവ സിദ്ധാന്തങ്ങള്‍ ഒമ്പതെണ്ണമായപ്പോള്‍ നിന്നു പോയി. നവം എന്നതിന് പുതുത് എന്നല്ലാതെ ഒമ്പത് എന്നും അ്ര്‍ത്ഥമുണ്ടല്ലോ എന്നായിരുന്നു മാഷുടെ വിശദീകരണം.
ഉണ്ണികൃഷ്ണന്‍ ബി തിരക്കഥയെഴുതി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ജലമര്‍മരത്തിലെ ലീഡ് റോള്‍ ഹാരിസ് മാഷാണ് കൈകാര്യം ചെയ്തത്. മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സിലെ പരിസ്ഥിതി മലിനീകരണത്തിനെതിരെ വാഴക്കാട് നിവാസികളുടെ സമരത്തിന്റെ പശ്ചാത്തലമാണ് ജലമര്‍മരത്തിനുള്ളത്. എന്റെ അഛന്‍ ഗ്വാളിയര്‍ റയോണ്‍സിലെ തൊഴിലാളിയായിരുന്നതു കൊണ്ട് ആ കമ്പനിയുമായി ഒരാത്മബന്ധമുണ്ട്. പണി മുടക്കും ലേ ഓഫും ലോക്കൗട്ടും പോലുള്ള പ്രയോഗങ്ങള്‍ കേള്‍ക്കുന്നത് കുട്ടിക്കാലത്താണ്. പിന്നീട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ മനസ്സിലായി തുടങ്ങി. എന്നാല്‍, ജലമര്‍മരവുമായി ഞാനൊരു പ്രശ്‌നത്തെ നേരിടുന്നത് മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ വെച്ചാണ്. അബ്ദുള്ളക്കുട്ടിയും മൂണ്‍സ് ചന്ദ്രനും മറ്റും നേതൃത്വം നല്‍കി എടവണ്ണയിലെ ഒരു പാരലല്‍ കോളേജില്‍ ഒരു ദിവസത്തെ ചലച്ചിത്ര മേള സംഘടിപ്പിച്ചിരുന്നു. മമ്മദ് മാഷും ഞാനുമായിരുന്നു പ്രഭാഷകര്‍. രാം കേ നാം, ജല മര്‍മരം, കിഡ് തുടങ്ങിയവയായിരുന്നു നിശ്ചയിക്കപ്പെട്ട സിനിമകള്‍. ഹിന്ദു തീവ്രവാദ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് രാം കേ നാം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന് പോലീസ് വിധിച്ചു. പിന്നീട് മലപ്പുറം ജില്ലയില്‍ തന്നെ ഒരു മാസക്കാലത്തേക്ക് ഈ സിനിമ നിരോധിക്കുകയുണ്ടായി. അതിനെതിരായി സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ ഉജ്വലമായ സമരം നടത്തിയാണ് സര്‍ക്കാരിനെക്കൊണ്ട് തീരുമാനം തിരുത്തിച്ചത്. കാര്യം അതല്ല. രാം കേ നാം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് സംഘാടകര്‍ തീരുമാനിച്ചിരുന്നെങ്കിലും എന്തെങ്കിലും കാരണവശാല്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇടപെടാന്‍ വേണ്ടി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പുറത്ത് കാവലുണ്ടായിരുന്നു. പോലീസും ധാരാളമായുണ്ടായിരുന്നു. അതിനിടെ ജലമര്‍മരം പ്രദര്‍ശനം തുടങ്ങി. അതില്‍ ഹാരിസ് മാഷ് അവതരിപ്പിക്കുന്ന കഥാപാത്രം - ഇയാളാണ് കമ്പനിക്കെതിരായ പരിസ്ഥിതി സമരം നയിക്കുന്നത് - കാന്‍സര്‍ വന്ന് മരണമടയുമ്പോള്‍ അയാളുടെ മയ്യത്ത് ഖബര്‍സ്ഥാനിലേക്ക് എടുക്കുന്ന സീനാണ്. തക്ബീര്‍ വിളികള്‍ മുഴങ്ങിയതും പുറത്തുള്ള സംഘപരിവാറുകാര്‍ ഹാളിനകത്തേക്ക് ഇരച്ചു കയറി. എല്ലാവരും അന്തം വിട്ടു.
താന്‍ ആദ്യം ശമ്പളം മേടിച്ചത് സഖാവ് പിണറായി വിജയന്റെ പക്കല്‍ നിന്നാണെന്ന് മാഷ് പലപ്പോഴും പറയുമായിരുന്നു. കോളേജ് പഠനം കഴിഞ്ഞ് തലശ്ശേരിയിലെ സഹകരണ കോളേജില്‍ പഠിപ്പിക്കുകയായിരുന്ന ഹാരിസ് മാഷിന് ആ കോളേജിന്റെ ചുമതലക്കാരനായിരുന്ന പിണറായി ശമ്പളം വിതരണം ചെയ്തത് ഗൃഹാതുരത്വത്തോടെ അദ്ദേഹം ഓര്‍ക്കുമായിരുന്നു.
വയസ്സാവുമ്പോഴുള്ള ഒരു കുഴപ്പമിതാണ്. സമപ്രായക്കാരൊക്കെ വിട്ടുപോവുന്നത് ഹൃദയഭേദകമായി അനുഭവിക്കേണ്ടി വരുന്നു.
താന്‍ ആദ്യം ശമ്പളം മേടിച്ചത് സഖാവ് പിണറായി വിജയന്റെ പക്കല്‍ നിന്നാണെന്ന് മാഷ് പലപ്പോഴും പറയുമായിരുന്നു. കോളേജ് പഠനം കഴിഞ്ഞ് തലശ്ശേരിയിലെ സഹകരണ കോളേജില്‍ പഠിപ്പിക്കുകയായിരുന്ന ഹാരിസ് മാഷിന് ആ കോളേജിന്റെ ചുമതലക്കാരനായിരുന്ന പിണറായി ശമ്പളം വിതരണം ചെയ്തത് ഗൃഹാതുരത്വത്തോടെ അദ്ദേഹം ഓര്‍ക്കുമായിരുന്നു.

മാഷ് എഡിറ്റു ചെയ്യാനുദ്ദേശിച്ച ഒരു പുസ്തകത്തിലേക്ക് മലയാളത്തിലെ ആക്ഷന്‍ സിനിമകളെക്കുറിച്ച് ഒരു ലേഖനം എന്നോട് എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാനതൊട്ട് എഴുതിയതുമില്ല. മാഷ് പുസ്തകവുമിറക്കിയില്ല.
കഴിഞ്ഞ ഐ എഫ് എഫ് കെയില്‍ മാഷ് സജീവമായുണ്ടായിരുന്നു. സെന്‍സര്‍ഷിപ്പിനെ സംബന്ധിച്ചുള്ള പ്രഭാഷണങ്ങളിലും ഡെയ്‌ലി ബുള്ളറ്റിന്‍ കുറിപ്പുകളിലും സാന്നിദ്ധ്യമറിയിച്ചു.
തൃപ്പൂണിത്തുറയില്‍ കമ്മട്ടിപ്പാടത്തെ സംബന്ധിച്ച് സത്യപാല്‍ സംഘടിപ്പിച്ച പരിപാടിയിലും ഞ്ങ്ങളൊന്നിച്ചു പങ്കെടുത്തു. സജിത മഠത്തിലുമുണ്ടായിരുന്നു.
പിന്നീട് ഞങ്ങളവസാനം ഒന്നിച്ചിരുന്നത്, മാഷ് എച്ച് ഓ ഡിയായുള്ള സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അവിടത്തെ അധ്യാപകനായ അജു കെ നാരായണനും യു സി കോളേജിലെ ചെറി ജേക്കബും ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ്. മാഷ് അധ്യക്ഷനും ഞാന്‍ പ്രകാശനം നിര്‍വഹിച്ച ആളുമായിരുന്നു. കാലത്ത് ബസ്സില്‍ ഏറ്റുമാനൂരിറങ്ങി ഷാജി ജേക്കബിന്റെ വീട്ടില്‍ കാത്തിരുന്ന് മാഷും അനിലയും ഷാജിയും എല്ലാം കൂടിയാണ് ഞങ്ങളൊരു കാറില്‍ സര്‍വകലാശാലയിലെത്തിയത്. ഗംഭീരമായ ചടങ്ങായിരുന്നു.
പിന്നീട് മാഷെ എച്ച് ഓ ഡി സ്ഥാനത്തു നിന്ന് മാറ്റാന്‍ നീക്കമുണ്ടായപ്പോള്‍ അതിനെതിരായ ക്യാമ്പയിനിലും പങ്കെടുത്തു.
ആത്മകഥ പോലെ ഒരു പുസ്തകം മാഷെഴുതിയിരുന്നു. അദ്ദേഹം മാര്‍ക്‌സായി അഭിനയിച്ച നാടകം കാണാനൊത്തില്ല.

വയസ്സാവുമ്പോഴുള്ള ഒരു കുഴപ്പമിതാണ്. സമപ്രായക്കാരൊക്കെ വിട്ടുപോവുന്നത് ഹൃദയഭേദകമായി അനുഭവിക്കേണ്ടി വരുന്നു.

ലാല്‍സലാം.

About author

ചലച്ചിത്ര നിരൂപകൻ, സാംസ്കാരിക വിമർശകൻ, ഇടതു ചിന്തകൻ. ചലച്ചിത്ര നിരൂപണത്തിന് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്