ഗൗരി ലങ്കേഷ് ബാക്കി വെക്കുന്നത്

gouri lankesh

ഗൌരി ലങ്കേഷിനുവേണ്ടി ശബ്ദിക്കുന്നവരില്‍ എത്രപേര്‍ ആ പേര് മുമ്പ് കേട്ടിട്ടുണ്ടെന്ന് ചോദിക്കുന്നു ശ്രീ മോഹന്‍ദാസ്. ആ നിലവാരം പുലര്‍ത്തുന്ന പലരും ചോദ്യം ആവര്‍ത്തിക്കുന്നു.
ഉത്തരം എനിക്കറിയില്ല സര്‍.. സെയ്ഫ് സോണിലിരുന്ന് പ്രതികരണങ്ങള്‍ വായിക്കുകമാത്രം ചെയ്യുന്ന ഞാന്‍ ആ പേര് കേട്ടിട്ടില്ലായിരുന്നു. ആ പേര് മാത്രമല്ല, കല്‍ബുര്‍ഗിയെന്നോ പന്‍സാരെയെന്നോ ഒന്നും കേട്ടിട്ടുണ്ടായിരുന്നില്ല. എന്നുകരുതി ഇപ്പോള്‍ ഗൌരിക്കുവേണ്ടിയും മുമ്പ് നിശ്ശബ്ദരാക്കപ്പെട്ടവര്‍ക്കുവേണ്ടിയും സംസാരിക്കുന്ന ആരും ഈ പേരുകളൊന്നും കേട്ടിട്ടുണ്ടാവില്ല എന്നു വിചാരിക്കാന്‍മാത്രം വിഡ്ഢിയുമല്ല ഞാന്‍. കുറേപേരെങ്കിലും ഇവരെയൊക്കെ മുമ്പേ ശ്രദ്ധിച്ചിരിക്കണം. ഭീഷണികള്‍ വന്നിട്ടും പേടിക്കാതെ പ്രതികരിക്കുന്ന അവരെയോര്‍ത്ത് അഭിമാനിച്ചിരിക്കണം. ഉണ്ടാവും സര്‍.. അവരില്‍ ആത്മാര്‍ത്ഥതയുള്ള കുറേപേരുണ്ട്.. അവരെങ്കിലും അറിഞ്ഞിരിക്കും..
അല്ലെങ്കിലും ആ പേര് അറിയണം എന്നുണ്ടോ? ഒരു പേരാണോ ഇവിടെ പ്രസക്തമാവുന്നത്? സൌമ്യ എന്ന പേര്, ജിഷ എന്ന പേര്, നിര്‍ഭയ എന്നോ ജ്യോതി എന്നോ വിളിക്കുന്ന പേര്... ഇതെല്ലാം മുമ്പേ അറിഞ്ഞിട്ടാണോ സര്‍ അവര്‍ക്കെതിരെ നടന്ന അക്രമത്തോട് പ്രതികരിക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്ന പാവം ചെറുപ്പക്കാരെ ആ നാട്ടിലെ കുറച്ചുപേരല്ലാതെ ആരറിഞ്ഞിരുന്നു സര്‍? എന്നിട്ടും അവര്‍ക്കുവേണ്ടി സംസാരിക്കാന്‍, വേദനിക്കാന്‍ ആള്‍ക്കാരുണ്ടാവുന്നില്ലേ? അതിന്റെ പേര് മനുഷ്യത്വം എന്നുകൂടിയാണ് സര്‍..
തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന രീതിയുണ്ടല്ലോ സര്‍, അതിനെതിരെ സംസാരിക്കുന്നില്ലെങ്കിലും മനസ്സുകൊണ്ട് എതിര്‍ക്കുന്ന, ഇതെല്ലാം അവസാനിക്കണമെന്ന് മോഹിക്കുന്ന കുറേപേരുണ്ട് സര്‍ എന്നെപ്പോലെ.. അവരുടെ പ്രതീക്ഷകളാണ് സര്‍ താങ്കള്‍ കളിയാക്കിയ ആ എഴുത്തുകാരും പ്രവര്‍ത്തകരും. ഓരോ വെടിയുണ്ടയിലും നിശ്ശബ്ദരാക്കപ്പെടുന്നവരെക്കുറിച്ച് വേദനിക്കുകയും ഭയക്കുകയും ചെയ്യുന്നതോടൊപ്പം അവര്‍ക്കുവേണ്ടി- അല്ല, നമുക്കുവേണ്ടി, ഇനി വരാനിരിക്കുന്ന ഓരോരുത്തര്‍ക്കുംവേണ്ടി- പ്രതികരിക്കുന്ന, എഴുതുന്ന, സംസാരിക്കുന്ന കുറേപേരുണ്ടാവുന്നു എന്നതില്‍ ആശ്വാസവും അഭിമാനവും ഉണ്ട് സര്‍.. അത് എന്റെ മകള്‍ക്കും മകനും ഒക്കെ വേണ്ടിയാണ്. അമ്മ ഭീരുവായിരിക്കാം പക്ഷേ, ധീരരായ കുറേപേര്‍ അമ്മക്കു ചുറ്റുമുണ്ട് എന്ന തോന്നല്‍ അവര്‍ക്കുണ്ടാവാന്‍... വെടിയേറ്റു വീഴുന്നവരും അവരോട് ഐക്യപ്പെടുന്നവരുമാണോ, വെടിയുണ്ടയാല്‍ എതിരഭിപ്രായങ്ങളെ ഇല്ലാതാക്കുന്നവരാണോ ശരി എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാവാന്‍.... വെടിയേറ്റുവീണ ജീവനെക്കുറിച്ച് തെല്ലും വേദനയില്ലാതെ താങ്കള്‍ നടത്തുന്ന പ്രസ്താവനകളുണ്ടല്ലോ, അതിലെ മനുഷ്യത്വമില്ലായ്മ തിരിച്ചറിയാന്‍....
പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്നതുകൊണ്ടാണ് നമ്മള്‍ വീടുകളില്‍ സുഖമായി ഉറങ്ങുന്നത് എന്ന് പറയാറില്ലേ സര്‍? അതിനോട് താരതമ്യപ്പെടുത്തിയാല്‍ താങ്കള്‍ക്ക് ഒരുപക്ഷേ മനസ്സിലാവും...
അവരെഴുതുന്നു എന്നതുകൊണ്ടാണ് സര്‍ ഞങ്ങള്‍ സെയ്ഫ് സോണില്‍ ധൈര്യമായി മിണ്ടാതിരിക്കുന്നത്.

About author

സോഷ്യൽ മീഡിയ എഴുത്തുകാരി. സാമൂഹിക പ്രവർത്തക